ന്യൂഡല്‍ഹി: ഇന്ത്യന്‍ തുഴച്ചില്‍ താരം വിഷ്ണു ശരവണന് ഒളിമ്പിക്സ് യോഗ്യത. ഒമാനിൽ നടന്ന ഏഷ്യൻ ക്വാളിഫയറിൽ രണ്ടാം സ്ഥാനം നേടിയാണ് വിഷ്ണു ടോക്കിയോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ലേസർ എസ്ടിഡി ക്ലാസ് വിഭാഗത്തിലാണ് താരത്തിന്‍റെ നേട്ടം. ബുധനാഴ്ച വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തായ്‌ലാന്‍റിന്‍റെ കീരതി ബുവാലോങിനെ പിന്നിലാക്കിയാണ് വിഷ്ണു രണ്ടാം സ്ഥാനം പിടിച്ചത്.
സിംഗപ്പൂരിന്‍റെ റയാൻ ലോ ജൻ ഹാൻ ആണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. അതേസമയം മറ്റൊരു തുഴച്ചില്‍ താരം നേത്ര കുമാനന്‍ ബുധനാഴ്ച തന്നെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. ചെന്നൈ സ്വദേശിയായ നേത്ര തുഴച്ചിലിൽ ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ്.