വാസോ: ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ വിനേഷ് ഫോഗട്ടിന് സുവര്‍ണ നേട്ടം. പോളണ്ട് ഓപ്പണില്‍ വനിതകളുടെ 53 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്‌തിയില്‍ യുക്രെയിന്‍റെ ക്രിസ്റ്റീന ബെറെസയെ മലര്‍ത്തിയടിച്ചാണ് വിനേഷിന്‍റെ നേട്ടം. സ്‌കോര്‍ 8-0.
റിങ്ങില്‍ സമ്പൂര്‍ണ ആധിപത്യം തുടര്‍ന്ന ഈ ഹരിയാനക്കാരിക്ക് മുന്നില്‍ ബെറെസക്ക് ഒരിക്കല്‍ പോലും മുന്‍തൂക്കം നേടാന്‍ സാധിച്ചില്ല. ഫെൻസിലും ക്വൺണ്ടർ അറ്റാക്കിലും വിനേഷ് ഫോഗാട്ടിന്‍റെ പ്രകടനം മികച്ച് നിൽക്കുന്നതായിരുന്നു. 70 സെക്കന്‍റുകൾ കൊണ്ട് 2-0ന് മുന്നിലെത്തിയ വിനേഷ് രണ്ടു മിനിറ്റ് ആകുന്നതിന് മുമ്പെ ലീഡ് 4-0 ആക്കി ഉയര്‍ത്തി. അവസാന 30 സെക്കന്‍റുകളിൽ വിനേഷ് സ്‌കോര്‍ 6-0ത്തില്‍ നിന്നും 8-0 ആക്കി ഉയര്‍ത്തി.
also read: കളിമണ്ണില്‍ രാജാവ് വീണു, രാജകുമാരൻ കലാശപ്പോരിന്
ഒളിമ്പിക്‌സിന് 50 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിനേഷിന്‍റെ തകര്‍പ്പന്‍ പ്രകടനം. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരമെന്ന നേട്ടം സ്വന്തമാക്കിയ വിനേഷിന് ഒളിമ്പിക്‌സിലും ചരിത്രം സൃഷ്‌ടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കായിക ലോകം. ദംഗല്‍ സിനിമയുടെ കഥക്ക് ആധാരമായ മഹാവീര്‍ സിങ് ഫോഗട്ടിന്‍റെയും സഹോദര പുത്രിയാണ് വിനേഷ് ഫോഗട്ട്.