ന്യൂയോര്‍ക്ക്: റഷ്യൻ എതിരാളിയെ നേരിടുന്നതിനുപകരം മെക്‌സിക്കന്‍ ടെന്നീസ് ടൂര്‍ണമെന്‍റായ മോണ്ടെറി ഓപ്പണിൽ നിന്ന് പിന്മാറുമെന്ന് യുക്രൈന്‍ ടെന്നീസ് താരം എലീന സ്വിറ്റോലിന. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ശുപാർശ പ്രകാരം റഷ്യയിൽ നിന്നും ബെലാറസിൽ നിന്നുമുള്ള കളിക്കാരെ നിഷ്പക്ഷ അത്‌ലറ്റുകളാക്കണമെന്നും 27കാരിയായ എലീന സ്വിറ്റോലിന ട്വീറ്റ് ചെയ്‌തു.
ഡബ്ല്യുടിഎ, എടിപി, ഇന്‍റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ എന്നിവരോടാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ശുപാർശകൾ പിന്തുടരാന്‍ താരം ആവശ്യപ്പെട്ടിരിക്കുന്നത്. ഐഒസിയുടെ ശിപാർശകൾ പാലിക്കുന്നത് വരെ റഷ്യന്‍ താരമായ അനസ്താസിയ പൊട്ടപ്പോവയ്‌ക്കെതിരായ ഓപ്പണിങ് റൗണ്ട് മത്സരമോ, റഷ്യൻ അല്ലെങ്കിൽ ബെലാറഷ്യൻ ടെന്നീസ് താരങ്ങൾക്കെതിരായ മറ്റേതെങ്കിലും മത്സരമോ കളിക്കാൻ ആഗ്രഹിക്കുന്നില്ല.
ദേശീയ ചിഹ്നങ്ങൾ, നിറങ്ങൾ, പതാകകൾ അല്ലെങ്കിൽ ഗാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ആ രാജ്യത്തുള്ള താരങ്ങളെ വിലക്കണമെന്നും എലീന സ്വിറ്റോലിന ആവശ്യപ്പെട്ടു.
അതേസമയം റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതികരിച്ച് റഷ്യയുടെ ഒന്നാം നമ്പർ ടെന്നിസ് താരവും ലോക 14-ാം നമ്പർ താരവുമായ അനസ്‌താസിയ പാവ്‌ല്യുചെൻകോവ രംഗത്തെത്തിയിരുന്നു.
also read: ഗ്ലാമർ ലോകത്ത് നിന്ന് യുദ്ധ മുഖത്തേക്ക്; രാജ്യത്തിന് വേണ്ടി തോക്കേന്തി മിസ് യുക്രൈൻ അനസ്‌താസിയ ലെന്ന
വ്യക്തിപരമായ അഭിലാഷങ്ങൾക്കോ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോവേണ്ടി ഇത്തരം അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും യുദ്ധം നമ്മെക്കാൾ നമ്മുടെ കുട്ടികളുടെ ഭാവിയാണ് കവർന്നെടുക്കുന്നതെന്നും അനസ്‌താസിയ ട്വിറ്ററിൽ കുറിച്ചു.