മ്യൂണിക് : യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ബാഴ്‌സലോണയ്‌ക്ക് തോല്‍വി. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ ബയേണിന് മുന്നില്‍ കീഴടങ്ങിയത്. ലുകാസ് ഹെര്‍ണാണ്ടസ്, ലിറോയ് സാനെ എന്നിവരാണ് ബയേണിനായി ഗോള്‍ നേടിയത്.
ബയേണിന്‍റെ മുന്‍ താരമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സുവര്‍ണാവസരങ്ങള്‍ പാഴാക്കിയത് ബാഴ്‌സയ്‌ക്ക് തിരിച്ചടിയായി. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ ബാഴ്‌സയില്‍ നിന്നും വന്നെങ്കിലും ഗോള്‍ അകന്ന് നിന്നു. ഇതിന് രണ്ടാം പകുതിയിലാണ് ബാഴ്‌സയ്‌ക്ക് കണക്ക് പറയേണ്ടി വന്നത്.
51ാം മിനിട്ടില്‍ ഒരു കോര്‍ണര്‍ കിക്കില്‍ നിന്നാണ് ബയേണിന്‍റെ ആദ്യ ഗോള്‍ പിറന്നത്. കിമ്മിച്ചിന്‍റെ തകര്‍പ്പന്‍ കിക്കില്‍ ഉയര്‍ന്നുവന്ന പന്ത് ഉയരെ ചാടിയാണ് ഹെര്‍ണാണ്ടസ് വലയിലെത്തിച്ചത്. രണ്ട് മിനിട്ടുകള്‍ക്കകം ബയേണ്‍ ലീഡുയര്‍ത്തി.
54ാം മിനിട്ടില്‍ സാനെയുടെ വ്യക്തിഗത മികവില്‍ നിന്നാണ് ഗോള്‍ വന്നത്. മുസിയാലയില്‍ നിന്ന് പന്ത് റാഞ്ചിയ താരം ബാഴ്‌സ പ്രതിരോധത്തെയും ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റേഗനെയും മറികടക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ ബാഴ്‌സ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പെഡ്രിയുടെ ഒരു ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതും ബാഴ്സലോണയ്ക്ക് തിരിച്ചടിയായി. വിജയത്തോടെ രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്‍റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ബയേണ്‍. മൂന്ന് പോയിന്‍റുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്താണ്.
ചാമ്പ്യന്‍സ് ലീഗില്‍ 12 തവണ ഏറ്റമുട്ടിയപ്പോള്‍ ബാഴ്‌സയ്‌ക്കെതിരായ ബയേണിന്‍റെ ഒമ്പതാമത്തെ വിജയമാണിത്. ഒരു മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ട് തവണയാണ് ബാഴ്‌സയ്‌ക്ക് വിജയിക്കാനായത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്‍റര്‍ മിലാന്‍ ജയം പിടിച്ചു. വിക്ടോറിയ പ്ലസെനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്‍റര്‍ പരാജയപ്പെടുത്തിയത്. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്‍റര്‍.