മുംബൈ: ടോക്കിയോ ഒളിമ്പിക്‌സിലെ ഷൂട്ടിങ് മത്സരങ്ങളില്‍ ഇന്ത്യന്‍ സംഘം മെഡല്‍ നേടാന്‍ സാധ്യത ഏറെയാണെന്ന് ഒളിമ്പിക് സ്വർണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. ഷൂട്ടിങ്ങില്‍ നിരവധി ഇനങ്ങളില്‍ ടീം ഇന്ത്യ മത്സരിക്കും. 15 വിഭാഗങ്ങളിലായി 21 ഇന്ത്യന്‍ ഷൂട്ടർമാർ ഒളിമ്പിക്‌സില്‍ മത്സരിക്കും. ചില ഷൂട്ടർമാർ ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ മത്സരിക്കും. മത്സരത്തില്‍ 50 ശതമാനത്തില്‍ അധികം നേട്ടമുണ്ടാക്കാനായാല്‍ നിരവധി മെഡലുകൾ സ്വന്തമാക്കാനാകുമെന്ന ശുഭ പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രമേ ഷൂട്ടിങ്ങില്‍ മെഡല്‍ സ്വന്തമാക്കാനാകൂ. ഇതിന്‍റെ ഭാഗമായി ഷൂട്ടിങ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ജൂനിയർ തലത്തില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നുണ്ട്. കായിക മേഖലയില്‍ ചിട്ടയായ പ്രവർത്തനവും ക്ഷമയും അനിവാര്യമാണെന്നും അഭിനവ് ബിന്ദ്ര പറഞ്ഞു. 2018 സെപ്റ്റംബർ ഒന്ന് മുതല്‍ ടോക്കിയോ ഒളിമ്പിക്സിനുള്ള ഷൂട്ടിങ് താരങ്ങളുടെ യോഗ്യതാ മത്സരങ്ങൾക്ക് തുടക്കമായിരുന്നു. ഇതിനകം 15 ഷൂട്ടർമാർ യോഗ്യത സ്വന്തമാക്കും. മനു ബേക്കർ, സൗരഭ് ചൗധരി എന്നിവർ രാജ്യത്തിനായി മെഡല്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൂട്ടിങ്ങില്‍ സ്വർണമെഡല്‍ സ്വന്തമാക്കിയ ഏക ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര. 2008 ബീജിങ് ഒളിമ്പിക്സിലാണ് ബിന്ദ്ര ഇന്ത്യക്കായി ഷൂട്ടിങ്ങില്‍ സ്വർണമെഡല്‍ സ്വന്തമാക്കിയത്.