റാഞ്ചി: 20 കിലോമീറ്റർ റേസ് വാക്ക് ഇനത്തില്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യന്‍ താരം ഭാവന ജാട്ട്. ദേശീയ റേസ്‌വാക്ക് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയതോടെയാണ് ഭാവന ഒളിമ്പിക് ബർത്ത് ഉറപ്പിച്ചത്.
രാജസ്ഥാന്‍ സ്വദേശിനായ ഭാവന(24) 1.29.54 സെക്കൻഡിലാണ് ഫിനിഷ് ചെയ്‌തത്. ഒളിമ്പിക് യോഗ്യത സ്വന്തമാക്കാന്‍ ഒരു മണിക്കൂർ 31 മിനിട്ടായിരുന്നു നിശ്ചയിച്ച സമയം. നേരത്തെ കഴിഞ്ഞ വർഷം 1.38.30 ആയിരുന്നു താരത്തിന്‍റെ മികച്ച സമയം. അതേസമയം മറ്റൊരു ഇന്ത്യന്‍ താരം പ്രിയങ്ക ഗോസ്വാമിക്ക് 36 സെക്കന്‍റിന്‍റെ വ്യത്യാസത്തിന് ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനായില്ല. 1.31.36 സെക്കന്‍റിനാണ് താരം ഫിനിഷ് ചെയ്‌തത്.
ദേശീയ റേസ്‌വാക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത പുരുഷ താരം സന്ദീപ് കുമാറിനും ഒളിമ്പിക് യോഗ്യത നഷ്‌ടമായി. 1.21.34 സെക്കന്‍റിനാണ് താരം ഫിനിഷ് ചെയ്‌തത്. അടുത്തതായി ജപ്പാനില്‍ നടക്കുന്ന റേസ്‌വാക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് താരം. മലയാളി താരം കെടി ഇർഫാന്‍ ഇതിനകം 20 കിലോമീറ്റർ റേസ് വാക്ക് ഇനത്തില്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത സ്വന്തമാക്കികഴിഞ്ഞു. കഴിഞ്ഞ വർഷം ജപ്പാനില്‍ നടന്ന ഏഷ്യന്‍ റേസ് വാക്ക് ചാമ്പ്യന്‍ഷിപ്പിലാണ് താരം ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്.