തിരുവനന്തപുരം: ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഈ സമരം കാണുന്നുണ്ടോ എന്നറിയില്ല. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന നിരവധി സമരങ്ങൾക്കിടയില്‍, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇപി ജയരാജനും കേരളത്തിന് വേണ്ടി ദേശീയ ഗെയിംസില്‍ മെഡലുകൾ നേടിയ കായിക താരങ്ങളുടെ സമരം കാണണം. കാരണം ഈ താരങ്ങൾക്ക് ജോലി നല്‍കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. പക്ഷേ ഉത്തരവ് ഇറങ്ങി 15 മാസം കഴിഞ്ഞിട്ടും ഇവർക്ക് ജോലി ലഭിച്ചിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്താണ് ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകുമെന്ന് പ്രഖ്യാപനമുണ്ടായത്. എന്നാൽ അത് നടപ്പാകാതെ വന്നതോടെ പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നൽകാമെന്ന് 83 കായികതാരങ്ങൾക്ക് ഉറപ്പുനൽകി. ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രിയും കായികമന്ത്രിയും മെഡൽ ജേതാക്കളെ ചേർത്തുനിർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാൽ അതിനപ്പുറം ഒന്നും ഉണ്ടായില്ല. സംസ്ഥാനത്തിന് പുറത്ത് നിരവധി ജോലി സാധ്യതകൾ ഉണ്ടായിട്ടും സ്വന്തം നാട്ടിൽ ജോലി കിട്ടും എന്ന വിശ്വാസത്തിൽ പലരും അവസരങ്ങൾ നഷ്ടപ്പെടുത്തി. എന്നാൽ സർക്കാർ വാക്കു പാലിക്കാതെ വന്നതോടെ ഇവരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കൂലിപ്പണി ചെയ്താണ് പലരും ജീവിതം നയിക്കുന്നത്.
15 ദിവസമായി തുടരുന്ന ഈ അനിശ്ചിതകാല പ്രതിഷേധ സമരത്തോട് അനുകൂല നിലപാട് ഇതുവരെ സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല. സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം നൽകാൻ ഒഴിവുകൾ ഇല്ലെന്ന ന്യായവാദം ആണ് സർക്കാർ ഉയർത്തുന്നത്. നിയമനം നൽകേണ്ട ഫയലുകൾ സെക്രട്ടേറിയേറ്റിൽ പൊതുഭരണവകുപ്പിലും ധനവകുപ്പിലും കെട്ടിക്കിടക്കുകയാണ്. ഫയലുകളില്‍ ജീവിതമുണ്ടെന്ന് വെറുതെ പറഞ്ഞാല്‍ പോര.. ജോലി നല്‍കിക്കൊണ്ടുള്ള പഴയ ഉത്തരവും ഫേസ്ബുക്ക് പോസ്റ്റും മുഖ്യമന്ത്രിയും കായികമന്ത്രിയും ഒന്ന് ഓർക്കുന്നതും നല്ലതാണ്.