ദുബായ് : ജര്‍മന്‍ ടെന്നിസ് താരം അലക്‌സാണ്ടര്‍ സ്വരേവിനെ മെക്‌സിക്കന്‍ ഓപ്പണില്‍ നിന്നും അയോഗ്യനാക്കിയതില്‍ തെറ്റില്ലെന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ കാരെൻ ഖച്ചനോവിനെതിരായ വിജയത്തിന് പിന്നാലെയായിരുന്നു ജോക്കോയുടെ പ്രതികരണം.
സ്വരേവിനെ പുറത്താക്കിയ തീരുമാനം "സാഹചര്യത്തിന് അനുസരിച്ച് ശരിയായിരുന്നുവെന്ന് കരുതുന്നു" എന്നായിരുന്നു ജോക്കോ പറഞ്ഞത്. മത്സരത്തില്‍ 6-3, 7-6 (2) എന്ന സ്‌കോറിനായിരുന്നു ജോക്കോയുടെ വിജയം.
ചൊവ്വാഴ്‌ച രാത്രി നടന്ന മെക്‌സിക്കന്‍ ഓപ്പണ്‍ മത്സരത്തിലെ മോശം പെരുമാറ്റത്തിനാണ് ടൂര്‍ണമെന്‍റില്‍ നിന്നും താരത്തെ പുറത്താക്കിയത്. ഡബിള്‍സ് മത്സരത്തിലെ തോല്‍വിക്ക് ശേഷം അമ്പയറുടെ ചെയറില്‍ തുടര്‍ച്ചയായി അടിച്ചാണ് താരം ദേഷ്യം തീര്‍ത്തത്.
also read: ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറി ; സച്ചിന്‍റെ ചരിത്ര നേട്ടത്തിന് 12 വയസ്
നേരിയ വ്യത്യാസത്തിലാണ് അമ്പയറുടെ കാലില്‍ 24കാരനായ സ്വരേവിന്‍റെ റാക്കറ്റുകൊണ്ടുള്ള അടി ഏല്‍ക്കാതിരുന്നത്. കളിക്കിടയിലെ അമ്പയറുടെ ലൈന്‍ കോളില്‍ സ്വരേവ് അസ്വസ്ഥനായിരുന്നു.
നടപടിക്ക് പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സ്വരേവ് രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇതു സംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്‌തത്. സംഭവിച്ച കാര്യങ്ങളില്‍ നിരാശയുണ്ടെന്നും, ഒഴിവാക്കേണ്ടതായിരുന്നുവെന്നും താരം പറഞ്ഞു.