ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) : സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിൾസ് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യയുടെ പിവി സിന്ധു. സെമി ഫൈനലില്‍ തായ്‌ലൻഡിന്‍റെ സുപനിദ കെയ്‌റ്റ്‌തോങ്ങിനെയാണ് സിന്ധു കീഴടക്കിയത്.
79 മിനിട്ടുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്‌കോര്‍: 21-18, 15-21, 21-19. സെന്‍റ് ജേക്കബ്ഷാലെയിലെ കോർട്ട് ഒന്നിലാണ് മത്സരം നടന്നത്.
ക്വാർട്ടർ ഫൈനലില്‍ ടൂര്‍ണമെന്‍റിലെ അഞ്ചാം സീഡായ കാനഡയുടെ മിഷേൽ ലിയെയാണ് രണ്ടാം സീഡായ സിന്ധു പരാജയപ്പെടുത്തിയത്. 36 മിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ 21-10 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്‍റെ ജയം.
also read: സൗത്ത് ആഫ്രിക്കന്‍ ബാറ്റർ സുബൈർ ഹംസക്കെതിരെ ഐസിസി നടപടി
അതേസമയം പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയിയും ഫൈനലുറപ്പിച്ചു. സെമി ഫൈനല്‍ മത്സരത്തില്‍ ഇന്തോനേഷ്യയുടെ ആന്‍റണി സിനിസുകയെയാണ് ഇന്ത്യന്‍ താരം കീഴടക്കിയത്. 72 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് പ്രണോയ് ജയിച്ച് കയറിയത്. സ്‌കോര്‍: 21-19, 19-21, 21-18.