ടോക്കിയോ : തന്‍റെ 25ാം വയസില്‍ 'പ്രായക്കൂടുതലിനാല്‍' ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ സോവിയറ്റ് യൂണിയന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന താരമാണ് സ്വെറ്റ്‌ലാന സില്‍ബര്‍മാന്‍. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം 64ാം വയസില്‍ ചാമ്പ്യൻഷിപ്പിനിറങ്ങി ചരിത്രം രചിച്ചിരിക്കുകയാണ് താരം. 33കാരനായ മകന്‍ മിഷ സില്‍ബര്‍മാനൊപ്പം മിക്‌സഡ് ഡബിള്‍സ് വിഭാഗത്തിലാണ് സ്വെറ്റ്‌ലാന കളിക്കാന്‍ ഇറങ്ങിയത്.
ആദ്യ മത്സരത്തില്‍ ഈജിപ്‌ത് സഖ്യത്തെ തോല്‍പ്പിച്ചതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമാവാനും സ്വെറ്റ്‌ലാനയ്‌ക്ക് കഴിഞ്ഞു. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള താരത്തിന് സ്വെറ്റ്‌ലാനയേക്കാള്‍ 20 വയസ് പ്രായം കുറവാണ്. രണ്ടാം റൗണ്ടില്‍ മലേഷ്യന്‍ സഖ്യത്തോട് തോറ്റെങ്കിലും സ്വെറ്റ്‌ലാനയുടെ നേട്ടം പലര്‍ക്കും പ്രചോദനമാവും എന്നുറപ്പാണ്.
പഴയ സോവിയറ്റ് യൂണിയനില്‍ ജനിച്ച് വളര്‍ന്ന സ്വെറ്റ്‌ലാന പിന്നീട് ഇസ്രായേലിലേക്ക് കുടിയേറുകയായിരുന്നു. ഇസ്രായേല്‍ ദേശീയ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 17 തവണ വനിത സിംഗിള്‍സ് കിരീടവും, 21 തവണ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്.
മിക്‌സ്‌ഡ് ഡബിള്‍സില്‍ മകന്‍ മിഷയ്‌ക്ക് പറ്റിയ പങ്കാളിയെ കണ്ടെത്താന്‍ കഴിയാഞ്ഞതിനാലാണ് കളത്തിലിറങ്ങാന്‍ തീരുമാനിച്ചതെന്ന് സ്വെറ്റ്‌ലാന പറഞ്ഞു. മിഷയുടെ പരിശീലക വേഷം കൂടി സ്വെറ്റ്‌ലാന കൈകാര്യം ചെയ്യുന്നുണ്ട്. ലോകചാമ്പ്യന്‍ഷിപ്പില്‍ 2009ലാണ് ആദ്യമായി ഇരുവരും ഒന്നിച്ച് കളിക്കാനിറങ്ങിയത്. താന്‍ ഇനിയും കളിച്ച് തളര്‍ന്നിട്ടില്ലാത്തതില്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം തന്‍റെ പ്രധാനയിനം പുരുഷ സിംഗിള്‍സാണെന്നും ഒരുമിച്ച് കളിക്കുന്നതിന്‍റെ സന്തോഷം അനുഭവിക്കാനാണ് അമ്മയ്‌ക്കൊപ്പം കളിക്കുന്നതെന്നും മിഷ പറഞ്ഞു. സിംഗിള്‍സില്‍ അധികം താരങ്ങളും വിരമിക്കല്‍ പ്രഖ്യാപിക്കുന്ന പ്രായത്തിലെത്തിയെങ്കിലും അതേക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നാണ് താരം പറയുന്നത്. ആദ്യം അമ്മ വിരമിച്ചതിന് ശേഷമാവാം അതേക്കുറിച്ച് ചിന്തിക്കുന്നതെന്നും മിഷ പറഞ്ഞുനിര്‍ത്തി.
സിംഗിള്‍സ് ലോകറാങ്കിങ്ങില്‍ 47ാം സ്ഥാനക്കാരനായ മിഷ മൂന്നുതവണ ഒളിമ്പിക്സില്‍ കളിച്ചിട്ടുണ്ട്. ഇക്കുറി മാഡ്രിഡില്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്താനും താരത്തിനായി. അമ്മയ്‌ക്ക് വിരമിക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും അതിനുശേഷമേ താന്‍ അതേക്കുറിച്ച് ചിന്തിക്കൂവെന്നും മിഷ സില്‍ബര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.