ന്യൂഡല്‍ഹി : ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) കേസില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഫെഡറേഷന്‍റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഈ വർഷമാദ്യം നിയോഗിച്ചിരുന്ന താത്കാലിക ഭരണ സമിതി സുപ്രീം കോടതി പിരിച്ചുവിട്ടു. ഫെഡറേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ആക്ടിങ് ജനറൽ സെക്രട്ടറി സുനന്ദോ ധറിന് കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
കോടതിയുടെ പുതിയ ഉത്തരവ് ഫെഡറേഷന് ഫിഫ നല്‍കിയ വിലക്ക് പിന്‍വലിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എഐഎഫ്‌എഫിന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16നാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും ഫെഡറേഷന്‍റെ തലപ്പത്ത് തുടര്‍ന്ന പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി സുപ്രീം കോടതി പിരിച്ചുവിട്ടതാണ് ഫിഫയെ ചൊടിപ്പിച്ചത്.
തുടര്‍ന്നാണ് താത്കാലിക ഭരണ സമിതിക്ക് കോടതി ചുമതല നല്‍കിയത്. എഐഎഫ്‌എഫിന്‍റെ ഭരണതലത്തില്‍ ഗുരുതര വീഴ്‌ചകള്‍ നടത്തിയെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിന് എതിരാണെന്നും ഫിഫ അറിയിച്ചിരുന്നു.
ഇതോടെ അണ്ടർ- 17 വനിത ലോകകപ്പിന് ഇന്ത്യയ്‌ക്ക് ആതിഥേയത്വം വഹിക്കാനാവില്ലെന്ന ആശങ്കകളും ഉയര്‍ന്നു. വിലക്ക് നീക്കാനും അണ്ടര്‍-17 വനിത ലോകകപ്പ് ഇന്ത്യയിൽ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാരിനോട് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഒക്‌ടോബര്‍ 11 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത്.