ബാങ്കോക്ക് : തോമസ് കപ്പിലെ ചരിത്ര ജയത്തിന് പിന്നാലെ തായ്‌ലൻഡ് ഓപ്പൺ ബാഡ്‌മിന്‍റൺ ടൂർണമെന്‍റിന്‍റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ച് കിഡംബി ശ്രീകാന്ത്. എട്ടാം സീഡായ ശ്രീകാന്ത് 49 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 18-2, 21-10, 21-16 എന്ന സ്‌കോറിനാണ് ഫ്രാൻസിന്‍റെ ബ്രൈസ് ലെവർഡെസിനെ മറികടന്നത്. രണ്ടാം റൗണ്ടിൽ ഡെൻമാർക്കിന്‍റെ ഹാൻസ് - ക്രിസ്റ്റ്യൻ സോൾബെർഗിനെ മറികടന്നെത്തുന്ന അയർലൻഡിന്‍റെ നാറ്റ് എൻഗുയെനെയാണ് ശ്രീകാന്ത് നേരിടുക.
ലണ്ടൻ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ സൈന നെഹ്‌വാൾ 50 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കൊറിയൻ താരം കിം ഗാ യൂനിനോട് 21-11, 15-21, 17-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. ഉക്രെയ്‌നിന്‍റെ മരിയ അൾട്ടിമയെ 17-21, 21-15, 21-11 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് മാളവിക ബൻസോദ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. അടുത്ത റൗണ്ടിൽ ഡെന്മാർക്കിന്‍റെ ലൈൻ ക്രിസ്റ്റഫേഴ്‌സിനെ നേരിടും.
വനിത സിംഗിൾസിൽ ഇന്ത്യൻ ക്വാളിഫയർ താരം അഷ്‌മിത ചാലിഹ തായ്‌ലൻഡിന്‍റെ ഏഴാം സീഡ് രത്‌ചനോക്ക് ഇന്‍റനോണിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. 29 മിനിറ്റ് മാത്രം നീണ്ടുനിന്ന ആദ്യ റൗണ്ട് മത്സരത്തിൽ 10-21, 15-21 എന്ന സ്‌കോറിനാണ് തോൽവി. മറ്റൊരു യോഗ്യതാതാരമായ ആകർഷി കശ്യപ് കാനഡയുടെ മിഷേൽ ലിയോട് 13-21, 18-21 എന്ന സ്‌കോറിന് തോറ്റ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.
പുരുഷ സിംഗിൾസ് ഓപ്പണിംഗ് റൗണ്ടിൽ ബി സായ് പ്രണീത്, സൗരഭ് വർമ എന്നിവരും പുറത്തായി. പ്രണീത് 12-21, 13-21 ന് തായ്‌ലൻഡിന്‍റെ കാന്തഫോൺ വാങ്‌ചറോയനോട് തോറ്റപ്പോൾ, സൗരഭിനെ ഫ്രാൻസിന്‍റെ ടോമ ജൂനിയർ പോപോവ് 20-22 12-21 നാണ് മറികടന്നത്.
മിക്‌സഡ് ഡബിൾസ് ജോഡികളായ ബി സുമീത് റെഡ്ഡി - അശ്വിനി പൊന്നപ്പ സഖ്യം എട്ടാം സീഡ് ജാപ്പനീസ് ജോഡികളായ യുകി കനേകോ - മിസാകി മാറ്റ്‌സുട്ടോമോ സഖ്യത്തോട് തോറ്റ് ആദ്യ റൗണ്ടിൽ പുറത്തായി. 34 മിനിറ്റിൽ 17-21, 17-21 എന്ന സ്‌കോറിനാണ് ജാപ്പനീസ് സഖ്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞത്.