ക്യാമ്പ്‌നൗ: സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയുടെ ഹോം സ്റ്റേഡിയമായ ഇനി 'സ്‌പോട്ടിഫൈ-ക്യാമ്പ്‌നൗ' എന്ന പേരിൽ അറിയപ്പെടും. ഭീമമായ തുക നൽകിയാണ് അടുത്ത നാല് വർഷത്തെ കരാറിലിൽ സ്വീഡിഷ് ഓഡിയോ സ്ട്രീമിങ് പ്ളാറ്റ്ഫോമായ സ്പോട്ടിഫൈ ബാഴ്‌സയുടെ സ്‌പോൺസർഷിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഈ കരാറിലാണ് ക്യാമ്പ്‌നൗ സ്റ്റേഡിയത്തിന്‍റെ കൂടെ സ്വന്തം പേര് കൂടി ചേർക്കാനുള്ള അവകാശം സ്‌പോട്ടിഫൈ നേടിയെടുത്തത്.
ചരിത്രത്തിൽ ആദ്യമായാണ് ബാഴ്‌സലോണ തങ്ങളുടെ സ്റ്റേഡിയ നാമകരണ അവകാശം (Naming Rights) സ്‌പോൺസർമാർക്ക് കൈമാറുന്നത്. വാർഷികാടിസ്ഥാനത്തിൽ ഏകദേശം അഞ്ച് മില്യൺ യൂറോയാണ് ഇതിനായി സ്പോട്ടിഫൈ ചെലവിടേണ്ടി വരിക. രണ്ട് ഘട്ടമായിട്ടാണ് കരാർ. സ്റ്റേഡിയത്തിന്‍റെ പുനരുദ്ധാരണം ആരംഭിച്ചതിനാൽ അത് അവസാനിക്കുന്നത് വരെയും പിന്നീട് പുതിയ സ്റ്റേഡിയം ഉപയോഗിച്ചു തുടങ്ങുന്നത് മുതലാകും രണ്ടാം ഘട്ടം.
നിർമാണപ്രവർത്തികൾ നടക്കുമെങ്കിലും അടുത്ത സീസണിൽ ക്യാമ്പ്‌നൗവിൽ തന്നെയാകും ബാഴ്‌സയുടെ മത്സരങ്ങൾ. 2023/24 സീസണിൽ ബാഴ്‌സലോണ നഗരത്തിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലാണ് ഹോം മാച്ചുകൾ നടക്കുക. സ്റ്റേഡിയം പുതുക്കി പണിയുന്നതിലൂടെ കൂടുതൽ തുക നൽകാനും സ്‌പോട്ടിഫൈ തയ്യാറായേക്കും .ഇത് 20 മില്യൺ യൂറോ വരെ ആവാം. ദീർഘകാലത്തേക്ക് ക്യാമ്പ്‌നൗവിന്റെ പേരിനൊപ്പം സ്വന്തം പേരും ചേർക്കാനുള്ള ശ്രമത്തിലാണ് സ്‌പോട്ടിഫൈ.
ഔദ്യോഗികമായി കരാറിന്‍റെ പൂർണ രൂപം പുറത്തു വിട്ടിട്ടില്ലെങ്കിലും ഏകദേശം 15 വർഷത്തേക്ക് വരെ ഈ അവകാശം നീട്ടി എടുക്കാൻ സ്‌പോട്ടിഫൈക്ക് സാധിക്കും എന്നാണ് സ്‌പാനിഷ് മധ്യമങ്ങൾ നൽകുന്ന സൂചന. ചുരുങ്ങിയത് 12 വർഷം സ്‌പോട്ടിഫൈയുടെ പേര് സ്റ്റേഡിയത്തിന്‍റെ കൂടെ ഉണ്ടാവും എന്നായിരുന്നു ബാഴ്‌സ പ്രസിഡന്‍റ് ലപോർട്ട വ്യക്തമാക്കിയിരുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ഫുട്‌ബോൾ തട്ടകത്തിന്‍റെ കൂടെ പേര് ചേർക്കാനുള്ള അവകാശം നേടി എടുത്തത് നേട്ടമായി കാണുന്ന സ്പോട്ടിഫൈ, സ്റ്റേഡിയത്തിൽ കലാകാരന്മാരെ വെച്ചു പരിപാടികൾ സംഘടിപ്പിക്കുന്നതടക്കം പുതുമയാർന്ന വിപണന തന്ത്രങ്ങൾ മെനയുകയാണ്. കരാർ നിലവിൽ വരുന്ന ജൂലൈ ഒന്ന് മുതലാവും 'സ്‌പോട്ടിഫൈ-ക്യാമ്പ്‌നൗ' എന്ന പുതിയ പേര് നിലവിൽ വരിക.