ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വനിതാ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി പത്‌മ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടിക. കേന്ദ്ര കായിക മന്ത്രാലയം ആണ് പട്ടിക സമര്‍പ്പിച്ചത്. ബോക്സിങ് താരം മേരി കോമിനെ പത്മ വിഭൂഷണന് നാമനിര്‍ദേശം ചെയ്തു. ആദ്യമായാണ് ഈ ബഹുമതിക്ക് ഒരു വനിതാ താരത്തിന്‍റെ പേര് നാമനിര്‍ദേശം ചെയ്യുന്നത്.
പത്മശ്രീയും പത്മവിഭൂഷണും ഇതിന് മുമ്പ് ഇടിക്കൂട്ടിലെ താരത്തിനെ തേടിയെത്തിയിരുന്നു. പത്മവിഭൂഷണ്‍ കൂടി ലഭിച്ചാല്‍ ഈ അംഗീകാരത്തിന് അര്‍ഹയാകുന്ന നാലാമത്തെ കായിക താരം എന്ന നേട്ടം കൈവരിക്കും. വിശ്വനാഥന്‍ ആനന്ദ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,എഡ്‌മണ്ട് ഹിലാരി എന്നിവരാണ് ഇതിന് മുമ്പ് ഈ പുരസ്കാരത്തിന് അര്‍ഹരായ കായിക താരങ്ങള്‍. ഒമ്പത് പേരുടെ പേരുകളാമ് പത്മ പുരസ്കാരത്തിനായി പട്ടികയിലുള്ളത്. ബാഡ്‌മിന്‍റണ്‍ താരം പി വി സിന്ധുവിനെ പത്മവിഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. 2015ല്‍ പത്മശ്രീ നേടിയ സിന്ധുവിന്‍റെ പേര് 2017ലും പത്മഭൂഷന് നാമനിര്‍ദേശം ചെയ്തിരുന്നു.
മറ്റ് ഏഴ് വനിതാ താരങ്ങളും പത്മശ്രീക്കായാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഗുസ്‌തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, പര്‍വതാരോഹകരായ ഇരട്ട സഹോദരങ്ങള്‍ താഷി-നങ്ഷി മാലിക്ക് എന്നിവരുടെ പേരാണ് പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.