ന്യൂഡല്‍ഹി : അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ലോങ് ജംപ് താരം ഷൈലി സിങ്ങിനെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍.
ഷൈലിയുടെ നേട്ടം ഇന്ത്യയ്‌ക്ക് നല്ല വാര്‍ത്തയാണെന്നും നമ്മുടെ യുവ താരങ്ങള്‍ നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
"ഷൈലി സിങ്ങിന്‍റെ വെള്ളി മെഡൽ നേട്ടം രാജ്യത്തിന് നല്ല വാർത്തയാണ്. ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയതിന് ഞാൻ അവരെ അഭിനന്ദിക്കുന്നു.
അവളുടെ പ്രകടനം അതിശയകരമായിരുന്നു. ഒരു സെന്‍റിമീറ്ററിനാണ് സ്വർണ മെഡൽ നഷ്ടമായത്, പക്ഷേ പ്രകടനം പ്രശംസനീയമായിരുന്നു.
ഭാവിയിലും ഇനിയും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ താരത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.നമ്മുടെ യുവ കായികതാരങ്ങൾ നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണിത്'- അനുരാഗ് താക്കൂര്‍ പറഞ്ഞു.
also read: ഡ്യൂറൻഡ് കപ്പ്: അഞ്ച് ഐഎസ്എല്‍ ക്ലബുകളും മൂന്ന് ഐ ലീഗ് ടീമുകളുമുണ്ടാവുമെന്ന് സംഘാടകര്‍
കെനിയയിലെ നെയ്‌റോബിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 6.59 ദൂരം കണ്ടെത്തിയാണ് ഷൈലി വെള്ളിമെഡല്‍ നേടിയത്. 6.60 ദൂരം കണ്ടെത്തിയ സ്വീഡന്‍റെ യൂറോപ്യൻ ചാമ്പ്യന്‍ മജ അസ്‌കാജാണ് സ്വര്‍ണം നേടിയത്.
അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയാണ് ഇന്ത്യ ഇക്കുറി നെയ്‌റോബിയില്‍ നിന്നും മടങ്ങുന്നത്.
രണ്ട് വെള്ളിയും ഒരു വെങ്കലവുമുള്‍പ്പെടെ മൂന്ന് മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. നേരത്തെ പുരുഷന്മാരുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ അമിത് ഖാത്രിയും (വെള്ളി), മിക്‌സഡ് റിലേ ടീമുമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.
ഭരത് എസ്, സുമി, പ്രിയ മോഹൻ, കപിൽ എന്നിവർ അടങ്ങിയ ടീമാണ് റിലേയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്.