മാഡ്രിഡ്: ലൈംഗികാതിക്രമക്കേസില്‍ ജാമ്യം തേടിയ ബ്രസീലിയൻ ഫുട്ബോളര്‍ ഡാനി ആൽവസിന് കനത്ത തിരിച്ചടി. താരത്തിന്‍റെ അപേക്ഷ സ്‌പാനിഷ് കോടതി തള്ളി. ഡാനി ആൽവസ് രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ കേസില്‍ അന്വേഷണം തീരും വരെ ജയിലില്‍ കഴിയണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 30ന് ബാഴ്‌സലോണയിലെ നിശാക്ലബ്ബിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു സ്‌ത്രീ നല്‍കിയ പരാതിയില്‍ ജനുവരി മുതല്‍ താത്‌കാലിക തടവിലാണ് 39കാരന്‍. പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും ഇരയുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ കേൾക്കുകയും ചെയ്‌ത ശേഷമാണ് താരത്തെ ജയിലിലടക്കാൻ കോടതി ഉത്തരവിട്ടത്.
എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ആല്‍വസ് നിഷേധിച്ചിരുന്നു. പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരമാണെന്നാണ് താരം പറഞ്ഞിരുന്നത്. മോചിതനായാൽ പാസ്‌പോർട്ട് സറണ്ടര്‍ ചെയ്യാനും ട്രാക്കിങ് ഉപകരണം ധരിക്കാനും ആല്‍വസ് തയ്യാറാണെന്ന് താരത്തിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ദിവസേനയാണെങ്കിലും കോടതിയിലും അധികാരികൾക്കും മുമ്പില്‍ ആവശ്യമുള്ളപ്പോഴെല്ലാം ഹാജരാവാന്‍ തയ്യാറാണ്.
പരാതിക്കാരിയുടെ വീടിന്‍റേയോ ജോലിസ്ഥലത്തിന്‍റെയോ അടുത്ത് പോകില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വർഷങ്ങളോളം ശിക്ഷ അനുഭവിക്കേണ്ടി വരുന്നതിനാൽ, ആല്‍വസ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിൽ നിന്ന് തടയാൻ ഈ നടപടികൾ മതിയാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു കുറ്റകൃത്യം നടന്നിരിക്കാമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്.
എന്തുവിലകൊടുത്തും കേസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിവുള്ളയാളാണ് ആല്‍വസ്. സ്വന്തം രാജ്യത്തെത്തിയാല്‍ ആൽവസിനെ തിരികെ എത്തിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. സ്‌പെയിനില്‍ ബലാത്സംഗ കേസിൽ പരമാവധി 15 വർഷം വരെ ശിക്ഷ ലഭിക്കും. അതേസമയം മറ്റ് രാജ്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന സ്വന്തം പൗരന്മാരെ കൈമാറാത്ത രീതിയാണ് ബ്രസീലിനുള്ളത്.
ബ്രസീന്‍റെ മുന്‍ താരമായിരുന്ന റോബീഞ്ഞോയ്ക്ക് ഇറ്റാലിയൻ കോടതി ഒരു യുവതിയെ ബലാത്സംഗം ചെയ്‌തതിന് ഒമ്പത് വർഷത്തെ തടവ് വിധിച്ചിരുന്നുവെങ്കിലും സ്വന്തം രാജ്യത്ത് താരം സ്വതന്ത്രനായി തുടരുകയാണ്.
ALSO READ: 50,000 രൂപയ്‌ക്ക് ഇക്കാലത്ത് എന്ത് ചെയ്യാനാണ്?; പൃഥ്വി ഷായ്‌ക്കെതിരെ പരാതി നല്‍കി സപ്‌ന ഗില്‍