ക്വാലാലംപൂർ : മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റൺ വനിത സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് രണ്ടാം റൗണ്ട്. ആദ്യ റൗണ്ട് മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ പോൺപാവീ ചോച്ചുവോങ്ങിനെയാണ് സിന്ധു കീഴടക്കിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു ലോക 10ാം നമ്പറായ പോൺപാവീ ചോച്ചുവോങ്ങിനെ കീഴടക്കിയത്. സ്‌കോര്‍: 21-13 21-17.
രണ്ടാം റൗണ്ടില്‍ തായ്‌ലൻഡിന്‍റെ ചൈവാനുമായാണ് ഏഴാം സീഡായ സിന്ധു ഏറ്റുമുട്ടുക. ലോക ജൂനിയർ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരിയായ 21വയസുകാരിയായ ചൈവാന്‍, ബാങ്കോക്കിൽ നടന്ന ഊബർ കപ്പിൽ വെങ്കലം നേടിയ തായ്‌ലൻഡ് ടീമിന്‍റെ ഭാഗമായിരുന്നു.
ലണ്ടൻ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ സൈന നെഹ്‌വാള്‍ ലോക റാങ്കിങ്ങിൽ 33ാം സ്ഥാനത്തുള്ള അമേരിക്കയുടെ ഐറിസ് വാങ്ങിനോടാണ് തോല്‍വി വഴങ്ങിയത്. 37 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സൈനയുടെ തോല്‍വി. സ്‌കോര്‍: 11-21, 17-21.
also read: മലേഷ്യൻ ഓപ്പൺ: പ്രണോയ് രണ്ടാം റൗണ്ടിൽ; അകാനെ യമാഗൂച്ചിക്ക് അട്ടിമറി തോൽവി
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രതീക്ഷയായ ബി സുമീത് റെഡി-അശ്വിനി പൊന്നപ്പ ജോഡിയും ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങി. നെതർലാൻഡ്‌സിന്‍റെ ലോക 21ാം നമ്പർ ജോഡിയായ റോബിൻ ടേബലിങ്-സെലീന പിക്ക് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്. 52 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ ജോഡിയുടെ കീഴടങ്ങല്‍. സ്‌കോര്‍: 15-21 21-19 17-21.