വാഷിങ്‌ടണ്‍: കഴിഞ്ഞ മാസം നടന്ന യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടെന്നിസ് ഇതിഹാസം സെറീന വില്യംസ് കോർട്ടിൽ നിന്ന് വൈകാരികമായി വിടചൊല്ലിയാണ് മടങ്ങിയത്. യുഎസ് ഓപ്പണ്‍ തന്‍റെ അവസാന ടൂർണമെന്‍റ് ആയിരിക്കും എന്ന് സെറീന പറഞ്ഞില്ലെങ്കിലും താരത്തിന്‍റെ ശരീര ഭാഷയിൽ ഇത് പ്രകടമായിരുന്നു. എന്നാൽ ഇപ്പോൾ ടെന്നിസ് കോർട്ടിലേക്ക് തിരിച്ചുവരവിന്‍റെ സൂചനകൾ നൽകിയിരിക്കുകയാണ് സെറീന.
താൻ ടെന്നിസിൽ നിന്ന് വിരമിച്ചിട്ടില്ലെന്നും പരീശിലനം തുടരുകയാണെന്നുമാണ് താരം ഇപ്പോൾ വ്യക്‌തമാക്കിയിരിക്കുന്നത്. 'ഞാൻ വിരമിച്ചിട്ടില്ല. തിരിച്ചുവരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. നിങ്ങൾക്ക് എന്‍റെ വീട്ടിലേക്ക് വരാം. അവിടെ ഒരു ടെന്നിസ് കോർട്ട് ഉണ്ട്', സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ താരം പറഞ്ഞു.
നേരത്തെ വിരമിക്കല്‍ എന്ന പദം തനിക്ക് ഇഷ്‌ടമല്ലെന്നും പുതിയ ചുവടുകളെ പരിണാമമെന്ന നിലയിലാണ് കാണുന്നതെന്നും താരം വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ടെന്നിസില്‍ നിന്ന് മാറി കുടുംബം, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനത്തിലെ പ്രവര്‍ത്തനം ഉള്‍പ്പെടെ ജീവിതത്തിലെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുകയാണെന്നും സെറീന വ്യക്തമാക്കിയിരുന്നു.
ടെന്നിസിലെ തന്നെ എക്കാലത്തെയും മികച്ച വനിത താരങ്ങളിൽ ഒരാളാണ് സെറീന വില്യംസ്. 23 ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടുണ്ട്. 2017ലാണ് സെറീന അവസാനമായി ഗ്രാൻഡ്‌സ്ലാം കിരീടത്തിൽ മുത്തമിട്ടത്. തുടർന്ന് പ്രസവശേഷം കോർട്ടിലേക്ക് മടങ്ങിയെത്തിയ താരം 2018ലും 2019ലും ഫൈനൽ വരെ എത്തിയിരുന്നു. ഡബിള്‍സില്‍ 14 വട്ടവും മിക്‌സഡ് ഡബിള്‍സില്‍ 2 വട്ടവും സെറീന കിരീടം സ്വന്തമാക്കിയിട്ടുണ്ട്.