മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഗുജറാത്തിനെ തകർത്ത കര്‍ണാടക സെമി ഫൈനലില്‍. നിര്‍ണായകമായ മത്സരത്തില്‍ ഗുജറാത്തിനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കര്‍ണാടകയുടെ ജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടകയ്ക്ക് സെമി ഫൈനല്‍ സാധ്യതയേറിയത്.
നാല് മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്‍റാണുള്ളത്. ഇരുവരും തമ്മിലുള്ള മത്സരം സമനിലയിലായതിനാല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടകയുടെ സെമി പ്രവേശം. 28ന് നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരായ കേരളമാണ് കര്‍ണാടകത്തിന്‍റെ എതിരാളി.
വലിയ വിജയം ലക്ഷ്യമിട്ടിറങ്ങിയ കര്‍ണാടക 12-ാം മിനിറ്റിൽ സുധീര്‍ കൊട്ടികലയിലൂടെ ലീഡ് എടുത്തു. 15-ാം മിനിറ്റിൽ കര്‍ണാടകയുടെ മലയാളി താരം ബാവു നിഷാദിന്‍റെ ഷോട്ടേ ഗോള്‍ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക്. 24-ാം മിനിറ്റിൽ ഗുജറാത്തിന് ഒറ്റപ്പെട്ട ഒരു അവസരം ലഭിച്ചെങ്കിലും കര്‍ണാടകന്‍ പ്രതിരോധത്തെ മറികടക്കാന്‍ സാധിച്ചില്ല.
ALSO READ: സന്തോഷ് ട്രോഫി: രാജസ്ഥാനെ കീഴടക്കി ബംഗാള്‍ സെമിയിൽ
28-ാം മിനിറ്റിൽ കേര്‍വ് ഷോട്ടിലൂടെ കമലേഷ് കര്‍ണാടകയുടെ ലീഡ് ഇരട്ടിയാക്കി. അടുത്ത മിനിറ്റിൽ തന്നെ ബാവു നിഷാദിന്‍റെ പാസിൽ നിന്നും സുധീര്‍ കൊട്ടികല ലീഡുയർത്തി. മത്സരത്തിന്‍റെ 60-ാം മിനിറ്റിൽ കമലേഷ് നല്‍കിയ പാസില്‍ നിന്നും ഗോൾ നേടിയ മഗേഷ് സെല്‍ കര്‍ണാടകയുടെ ജയമുറപ്പാക്കി.