മാഡ്രിഡ്: താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് റഷ്യയുടെ ലോക 12-ാം നമ്പർ ടെന്നിസ് താരം ഡാരിയ കസത്‌കിന. ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ രാജ്യത്ത് നിയമനിര്‍മാതാക്കള്‍ ശ്രമം നടത്തുന്നതിനിടെയാണ് താരത്തിന്‍റെ പ്രഖ്യാപനം. സ്വവർഗരതിയോടുള്ള തന്‍റെ രാജ്യത്തിന്‍റെ മനോഭാവത്തെയും താരം വിമർശിച്ചു.
‘പാരമ്പര്യേതര’ (non-traditional) ലൈംഗിക ബന്ധങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യന്‍ നിയമ നിര്‍മാതാക്കള്‍ ഒരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇടയിലുള്ള നിരോധനം മുതിര്‍ന്നവരിലേക്കും വ്യാപിപ്പിക്കാനാണ് റഷ്യയുടെ നീക്കം. ഇതിനെതിരെയാണ് 25കാരിയായ താരം രംഗത്തെത്തിയത്.
"ഇതിനെക്കാൾ പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ നിരോധിച്ചിരിക്കുന്നു, അതിനാൽ ഇക്കാര്യത്തില്‍ അതിശയിക്കാനില്ല. അവർ പറയുന്നത് പോലെ സ്വത്വം വെളിപ്പെടുത്താനാവാതെ ജീവിക്കുന്നത് അർഥശൂന്യമാണ്. എന്തുചെയ്യണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. സ്വയം സമാധാനത്തോടെ ജീവിക്കുക എന്നത് മാത്രമാണ് പ്രധാനം", ഒരു യൂട്യൂബ് ചാനലില്‍ ഡാരിയ കസത്‌കിന പറഞ്ഞു.
അതേസമയം നിലവില്‍ സ്‌പെയിനിലാണ് കസത്‌കിന ജീവിക്കുന്നത്. ഈ മാസം ആദ്യം റഷ്യൻ ഫുട്‌ബോൾ താരം നാദ്യ കാർപോവയും തന്‍റെ ലൈംഗികതയെ കുറിച്ച് പരസ്യമായി സംസാരിച്ചിരുന്നു.