ബാഴ്‌സലോണ: അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കൊപ്പം പന്ത് തട്ടണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് റോബര്‍ട്ടോ ലെവന്‍ഡോസ്‌കി. മെസിയെ തന്‍റെ മുന്‍ ക്ലബ്ബില്‍ തിരകെയെത്തിക്കണമെന്ന് ആരാധകര്‍ മുറവിളി നടത്തുന്നതിനിടെയാണ് ബാഴ്‌സലോണ സ്ട്രൈക്കര്‍ തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയത്. വിരമിക്കുന്നതിന് മുന്‍പ് ലയണല്‍ മെസിക്കൊപ്പം കളിക്കണമെന്ന് പറഞ്ഞ ലെവന്‍ഡോസ്‌കി അര്‍ജന്‍റൈന്‍ നായകന്‍ മെസി ഇത്തവണ എട്ടാം ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
'സഹതാരങ്ങള്‍ക്ക് പന്ത് എത്തിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത താരമാണ് മെസി. അങ്ങനെ ഒരു പ്ലേ മേക്കര്‍ക്കൊപ്പം കളിക്കാന്‍ ഏതൊരു മുന്നേറ്റ നിര താരവും ആഗ്രഹിക്കും. അത് തന്നെയാണ് എന്‍റെയും ആഗ്രഹം. വിരമിക്കുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും മെസിക്കൊപ്പം കളിക്കണം'- ലെവ വ്യക്തമാക്കി.
നിലവില്‍ പിഎസ്‌ജി താരമായ മെസിയെ തിരികെയെത്തിക്കണമെന്ന് ബാഴ്‌സലോണ ആരാധകര്‍ മുറവിളി കൂട്ടുന്നതിനിടെയാണ് റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ ഫ്രഞ്ച് ക്ലബ്ബുമായി സൂപ്പര്‍ താരം ലയണല്‍ മെസി കരാര്‍ നീട്ടി എന്നുള്ള വാര്‍ത്തകളും ഫ്രാന്‍സിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
താരവും ക്ലബ്ബും തമ്മില്‍ വാക്കാല്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ക്ലബ് ഭാരവാഹികളും മെസിയും തമ്മില്‍ കരാര്‍ സംബന്ധിച്ചുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ഉടന്‍ നടക്കും.
പിഎസ്‌ജിയുമായി മെസിക്കുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കാന്‍ ഇരിക്കെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. താരവുമായുള്ള കരാര്‍ നീട്ടാന്‍ ഏറെക്കാലമായി പിഎസ്‌ജി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ലോകകപ്പിന് ശേഷം ഇതില്‍ മറുപടി പറയാമെന്നായിരുന്നു സൂപ്പര്‍ താരം അറിയിച്ചിരുന്നത്.
അതേ സമയം മെസിയും എംബാപ്പെയും ടീമിനൊപ്പം തുടരണമെന്ന് ആണ് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അല്‍ ഖലീഫിയുടെ നിലപാട്. ഇതിനും പിന്നാലെയാണ് ഒരു വര്‍ഷം കൂടി പിഎസ്‌ജി യില്‍ തുടരാന്‍ മെസിയും ക്ലബ്ബും ധാരണയിലെത്തിയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'ബാലണ്‍ ദ്യോര്‍' മെസി ഒരടി മുന്നില്‍: ലോകകപ്പിലെ ജയത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം മെസിക്ക് ലഭിക്കുമെന്നും ലെവന്‍ഡോസ്‌കി അഭിപ്രായപ്പെട്ടു. ഒരേ ക്ലബ്ബില്‍ കളിക്കുന്ന മറ്റൊരാള്‍ കൂടി എതിരാളിയായി ഉണ്ടാകും. എന്നാല്‍ ഇത്തവണ ബാലണ്‍ ദ്യോര്‍ പുരസ്കാര വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമാണ്. ഇതിലാണ് മെസി ഒന്നാമത്. ലെവന്‍ഡോസ്‌കി കൂട്ടിച്ചേര്‍ത്തു.
മെസി ബാഴ്‌സലോണ വിട്ടതിന് പിന്നാലെ ക്ലബ്ബിലേക്കെത്തിയ താരമാണ് റോബര്‍ട്ടോ ലെവന്‍ഡോസ്‌കി. ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കില്‍ നിന്നായിരുന്നു താരത്തിന്‍റെ കൂടുമാറ്റം. പുതിയ ക്ലബ്ബിലേക്കെത്തിയ ശേഷവും ലെവന്‍ഡോസ്‌കിയുടെ ഗോളടി മികവിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല.
ലോകകപ്പില്‍ മെസിയുടെ അര്‍ജന്‍റീനയും ലെവന്‍ഡോസ്‌കിയുടെ പോളണ്ടും ഒരേ ഗ്രൂപ്പിലാണ് പോരടിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ വന്നത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്‍റീനയ്‌ക്കൊപ്പമായിരുന്നു ജയം.
ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായി പോളണ്ട് അവസാന പതിനാറിലേക്ക് മുന്നേറിയിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടാണ് ലെവന്‍ഡോസ്‌കിയുടെ പോളണ്ട് പട ലോകകപ്പില്‍ നിന്നും പുറത്തായത്. 1-3 നായിരുന്നു ഫ്രാന്‍സിനോട് ലെവയും സംഘവും അടിയറവ് പറഞ്ഞത്.