സൂറിച്ച് : ഖത്തര്‍ ലോകകപ്പില്‍ ഫ്രാൻസിനെതിരായ ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഭവവികാസങ്ങളില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്‍റീനയ്‌ക്കെതിരെ ഫിഫയുടെ നടപടി. ടൂർണമെന്‍റിനിടെ മീഡിയ, മാർക്കറ്റിങ് ചട്ടങ്ങള്‍ ലംഘിച്ചതിന് അർജന്‍റീന ഫുട്ബോൾ അസോസിയേഷനെതിരെ കുറ്റം ചുമത്തിയതായി ഫിഫ പ്രസ്താവനയിൽ അറിയിച്ചു.
ഫിഫ ഡിസിപ്ലിനറി കോഡ് ആർട്ടിക്കിൾ 11, ആര്‍ട്ടിക്കിള്‍ 12 എന്നിവയുടെ ലംഘനമുണ്ടായതായി അച്ചടക്ക സമിതി കണ്ടെത്തിയിട്ടുണ്ട്. അധിക്ഷേപകരമായ പെരുമാറ്റം ഫെയർ പ്ലേ ലംഘനം എന്നിവയാണ് ആർട്ടിക്കിൾ 11ല്‍ ഉള്‍പ്പെടുന്നത്. കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും തെറ്റായ പെരുമാറ്റമാണ് ആര്‍ട്ടിക്കിള്‍ 12ന്‍റെ പരിധിയില്‍ വരുന്നത്.
അർജന്‍റീന കളിക്കാരനോ, ഒഫീഷ്യലിനോ എതിരെ നടപടിയെടുക്കുന്നതായോ, കുറ്റകൃത്യം എന്താണെന്നോ പ്രസ്‌താവനയില്‍ ഫിഫ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ടൂര്‍ണമെന്‍റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം അര്‍ജന്‍റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനെസ് നടത്തിയ ആഘോഷം വിവാദമായിരുന്നു. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലും അര്‍ജന്‍റീനയില്‍ നടത്തിയ വിക്‌ടറി പരേഡിനിടെയും ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെ മാര്‍ട്ടിനെസ് പരിഹസിക്കുകയും ചെയ്തിരുന്നു.
ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ പെനാൽറ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്‍റീന ഫ്രാന്‍സിനെ കീഴടക്കിയത്. നിശ്ചിത സമയത്തും (2-2), അധിക സമയത്തും (3-3) മത്സരം സമനിലയിലായതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക് നേടിയപ്പോൾ മെസി ഇരട്ടഗോളുകള്‍ നേടിയിരുന്നു.
എയ്ഞ്ചൽ ഡി മരിയയാണ് അര്‍ജന്‍റീനയുടെ പട്ടികയിലെ മറ്റൊരു ഗോള്‍ കണ്ടെത്തിയത്. പെനാല്‍റ്റിയില്‍ അര്‍ജന്‍റീനയ്‌ക്കായി ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ വലകുലുക്കിയപ്പോള്‍ കിങ്‌സ്‌ലി കോമാനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചു.
ALSO READ: അര്‍ജന്‍റീനയുടെ ചങ്കിടിപ്പിച്ച വൗട്ട് വെഗോർസ്റ്റ്; മാൻയുവില്‍ ക്രിസ്റ്റ്യാനോയ്‌ക്ക് പകരക്കാരനെത്തി
ഇതോടെ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ ലയണല്‍ മെസി ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സ് സ്‌ട്രൈക്കര്‍ എംബാപ്പെയ്‌ക്കാണ് ടൂര്‍ണമെന്‍റിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ലഭിച്ചത്.