ലണ്ടന്‍: ക്ലബ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് തുടക്കം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ആഴ്സണലിന്റെ എവേ മത്സരത്തോടെയാണ് സീസണ് തുടക്കമാവുന്നത്. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് മത്സരം ആരംഭിക്കുക.
ലീഗ് ഓപ്പണറിൽ തുടർച്ചയായ രണ്ടാം വർഷമാണ് ആഴ്‌സണൽ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ബ്രെന്‍റ്‌ഫോർഡിനോട് 2-0ന് തോറ്റ് തുടങ്ങിയ ആഴ്‌സണല്‍ ഇക്കുറി വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്. ആഴ്‌സണൽ മുൻ താരം പാട്രിക് വിയേരയ്‌ക്ക് കീഴിലാണ് ക്രിസ്റ്റൽ പാലസ് കളിക്കാനിറങ്ങുന്നത്.
കഴിഞ്ഞ സീസണിലെ അവസാന എവേ മത്സരത്തില്‍ ഗണ്ണേഴ്‌സിനെ 3-0ത്തിന് തകര്‍ത്ത് വിട്ട ആത്മവിശ്വാസം പാലസിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ ചില താരങ്ങളുടെ പരിക്കില്‍ സംഘത്തിന് ആശങ്കയുണ്ട്. മറുവശത്ത് പുതിയ സീസണിനായി ടീമിനൊപ്പമെത്തിയ ഗബ്രിയേല്‍ ജെസ്യൂസ്, ഒലെക്സാണ്ടർ സിൻചെങ്കോ എന്നിവരുടെ ഫോം മൈക്കൽ അർട്ടെറ്റയ്‌ക്കും സംഘത്തിനും പ്രതീക്ഷയാണ്.
അതേസമയം ആറാം തിയതിയാണ് ലിവര്‍പൂള്‍, ചെല്‍സി, ടോട്ടനം, ആസ്റ്റണ്‍ വില്ല, ലെസ്റ്റര്‍ സിറ്റി തുടങ്ങിയ വമ്പന്മാര്‍ കളത്തിലിറങ്ങുന്നത്. ഏഴാം തിയതി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആദ്യ മത്സരത്തിനിറങ്ങും.
പുതിയ പരിശീലകന്‍ എറിക് ടെൻ ഹാഗിന് കീഴില്‍ ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റനെതിരായാണ് യുണൈറ്റഡ് സീസണ്‍ ആരംഭിക്കുക. 23 വര്‍ഷത്തിന് ശേഷം ടോപ് ലീഗിലേക്ക് തിരിച്ചെത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് ഓഗസ്റ്റ് ആറിന് ന്യൂകാസിലിനെതിരായ മത്സരത്തോടെയാണ് പുതിയ തുടക്കം കുറിക്കുക.
ജര്‍മനി: ബുണ്ടസ്‌ലിഗയുടെ പുതിയ സീസണിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യൻ ബയേൺ മ്യൂണിക്കും യൂറോപ്പ ലീഗ് ജേതാവായ എയ്ൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് തമ്മിലുള്ള മത്സരത്തോടെയാണ്. ഫ്രാങ്ക്‌ഫര്‍ട്ടിന്‍റെ തട്ടകത്തില്‍ ഇന്ന് അര്‍ധരാത്രി 12നാണ് മത്സരം. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി കൂടുവിട്ടങ്കിലും ശക്തിയൊട്ടും ചോരാതെയാണ് ബയേണ്‍ പുതിയ സീസണിനൊരുങ്ങിയത്.
ബുണ്ടസ് ലിഗ കിരീടത്തിനപ്പുറം സംഘത്തിന്‍റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നത്തില്‍ ജൂലിയന്‍ നാഗൽസ്‌മാന് മേല്‍ സമ്മര്‍ദമുണ്ട്. കഴിഞ്ഞ 10 തവണയും ബുണ്ടസ്‌ലിഗ കിരീടം ഉയര്‍ത്താന്‍ ബയേണിന് കഴിഞ്ഞിരുന്നു. പുതിയ സൈനിങ്ങായ സാദിയോ മാനെ, മാറ്റെയിസ് ഡി ലിഗ്റ്റ്, മാത്തിസ് ടെൽ തുടങ്ങിയ താരങ്ങള്‍ ടീമിന്‍റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് ജീവന്‍ പകരുന്നതാണ്.
ഫ്രാന്‍സ്: ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തില്‍ അജാസിയോയുടെ തട്ടകത്തില്‍ ലിയോൺ കളിക്കാനിറങ്ങും. ഇന്ന് അര്‍ധരാത്രി 12നാണ് മത്സരം ആരംഭിക്കുക. പുതിയ ഉടമ ജോൺ ടെക്സ്റ്ററിന് കീഴിൽ, ഏഴ് തവണ ചാമ്പ്യന്മാരായ ലിയോണ്‍ പുതിയ തുടക്കമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ നിരാശാജനകമായ എട്ടാം സ്ഥാനത്തിനില്‍ നിന്നുള്ള കുതിപ്പാണ് സംഘം ലക്ഷ്യമിടുന്നത്.
1997ന് ശേഷം ക്ലബ്ബിന്‍റെ ഏറ്റവും മോശം ഫിനിങ്ങായിരുന്നുവിത്. നിക്കോളാസ് ടാഗ്ലിയാഫിക്കോ, കോറന്റിൻ ടോളിസോ, അലക്‌സാന്ദ്രെ ലകാസെ, ജോഹാൻ ലെപെനന്റ് തുടങ്ങിയ താരങ്ങളെ സംഘം ടീമിലെത്തിച്ചിട്ടുണ്ട്. മത്സരത്തിന്‍റെ ഫലം മോശമായാല്‍ കോച്ച് പീറ്റർ ബോസിന് സമ്മര്‍ദമേറ്റും.
അതേസമയം സെക്കൻഡ് ഡിവിഷന്‍ ലിഗില്‍ റണ്ണറായപ്പായി പ്രമോഷന്‍ നേടിയാണ് അജാസിയോയുടെ വരവ്. ഫ്രഞ്ച് ലീഗ് വെറ്ററന്മാരായ മിഡ്ഫീൽഡർ തോമസ് മംഗാനി, ഫോർവേഡ് റൊമെയ്ൻ ഹമൂമ തുടങ്ങിയവരുടെ പ്രകടനം സംഘത്തിന് പ്രതീക്ഷയാവും. അതേസമയം ഓഗസ്റ്റ് ഏഴിനാണ് നിലവിലെ ചാമ്പ്യന്മാരായ പിഎസ്‌ജി കളിക്കാനിറങ്ങുന്നത്.