ലണ്ടന്‍: കൊവിഡ് 19- പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ 2021-ല്‍ ടോക്കിയോ ഒളിമ്പിക്‌സ് നടത്തുന്ന കാര്യം സംശയമാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധ. വാക്‌സിന്‍ ഇല്ലെങ്കില്‍ ഒളിമ്പിക്‌സ് എന്നത് ഭാവന മാത്രമാകുമെന്ന് ആരോഗ്യ രംഗത്തെ അമേരിക്കന്‍ ശാസ്ത്രജ്ഞ പ്രൊഫ. ദേവി ശ്രീധർ പറഞ്ഞു. ഒളിമ്പിക്‌സ് നടത്തുന്ന പക്ഷം പ്രതിരോധ വാക്‌സിന്‍റെ കണ്ടുപിടിത്തം നിർണായകമാകുമെന്നും അവർ വ്യക്തമാക്കി.
കണ്ടുപിടിത്തം എത്രയും വേഗമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാസ്‌ത്രജ്ഞന്‍മാരുടെ ഭാഗത്ത് നിന്നും അത്തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാകുന്നത്. ഒന്നര വർഷത്തിനുള്ളില്‍ വാക്‌സിന്‍ യാഥാർഥ്യമാകും. നിലവിലെ സാഹചര്യത്തില്‍ അതിലും വേഗത്തില്‍ കണ്ടുപിടിത്തം നടക്കാനും ഇടയുണ്ട്. അടുത്ത വർഷം വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സാധിച്ചാലെ ഒളിമ്പിക്‌സ് യാഥാർഥ്യമാകൂ. ശാസ്ത്രം കനിഞ്ഞില്ലെങ്കില്‍ ഒളിമ്പിക്‌സ് എന്നത് ഭാവന മാത്രമായി അവശേഷിക്കും. അതേസമയം കൊവിഡിനെ തുടർന്ന് ഒളിമ്പിക്സ് മാറ്റിവെക്കാന്‍ എടുത്ത തീരുമാനം ഉചിതമാണ്. കൃത്യ സമയത്താണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റിയും ടോക്കിയോ ഒളിമ്പിക്‌സിന്‍റെ സംഘാടകരും ആ തീരുമാനം എടുത്തതെന്നും പ്രൊഫ. ദേവി ശ്രീധർ പറഞ്ഞു.
നേരത്തെ ടോക്കിയോ ഒളിമ്പിക്‌സ് ഈ വർഷം ജൂലൈ നാല് മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെ നടത്താനായിരുന്നു നിശ്ചിയിച്ചിരുന്നത്. പിന്നീട് കൊവിഡ് കാരണം മാറ്റിവെച്ച ഒളിമ്പിക്‌സ് 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെ നടത്താന്‍ തീരുമാനിച്ചു.