ന്യൂഡല്‍ഹി: കൊവിഡ് 19 ഭീഷണി തുടരുകയാണെങ്കില്‍ ഒളിമ്പിക്സിന് മുന്നോടിയായി ടോക്കിയോയില്‍ നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള താരങ്ങൾ പങ്കെടുക്കില്ലെന്ന് ദേശീയ റൈഫിൾ അസോസിയേഷന്‍ പ്രസിഡന്‍റ് റാണിന്ദർ സിങ്. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. അവരുടെ സുരക്ഷയുടെ കാര്യത്തില്‍ വീഴ്‌ച്ചവരുത്താന്‍ സാധിക്കില്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശ പര്യടനം നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റാണിന്ദർ സിങ് പറഞ്ഞു. ഏപ്രില്‍ 16 മുതല്‍ 26 വരെയാണ് ഒളിമ്പിക്സിന്‍റെ ഭാഗമായി ഷൂട്ടിങ്ങില്‍ നടക്കുന്ന ടെസ്റ്റ് ഇവന്‍റുകൾക്ക് ടോക്കിയോ വേദിയാവുക.
![NRAI news Olympics test event news Olympics news എന്‍ആർഎഐ വാർത്ത ഒളിമ്പിക് സന്നാഹ മത്സരം വാർത്ത ഒളിമ്പിക്‌സ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/raninder_2702newsroom_1582802043_782.jpg)
അതേസമയം കൊവിഡ് 19 ബാധയെ തുടർന്ന് ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായി ഗെയിംസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ഐഒസി, ലോകാരോഗ്യ സംഘടനയുമായി ചേർന്ന് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണ്. ടോക്കിയോ ഒളിമ്പിക്സിന് ജൂലൈ 24-ന് തുടക്കമാകും. ഗെയിംസ് ഓഗസ്റ്റ് ഒമ്പതിന് സമാപിക്കും. അതേസമയം കൊറോണ വൈറസ് ബാധയെ തുടർന്ന ആഗോള തലത്തില്‍ 2600 പേർ മരണമടഞ്ഞിരുന്നു. ലോകത്ത് ഉടനീളം 80,000 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ വുഹാനില്‍ നിന്നാണ് വൈറസ് പൊട്ടിപുറപ്പെട്ടത്. നിലവില്‍ 32 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.