മാഡ്രിഡ് : കൊവിഡ് വാക്‌സിനെടുക്കാത്ത ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് കൂടുതല്‍ കുരുക്ക്. മാഡ്രിഡ് ഓപ്പണിനിറങ്ങാന്‍ താരം വാക്‌സിന്‍ സ്വീകരിക്കണമെന്ന് സ്‌പാനിഷ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
സ്‌പെയിനില്‍ കളിക്കണമെങ്കില്‍ ജോക്കോവിച്ച് സ്വീകരിക്കേണ്ട ഏറ്റവും ഉചിതമായ നടപടിയതാകുമെന്നും വക്താവ് പറഞ്ഞു. "ആരും നിയമങ്ങൾക്ക് അതീതരല്ല" എന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം 34കാരനായ സെര്‍ബിയന്‍ താരത്തിന് രാജ്യത്തെത്തുന്നതിന് തടസങ്ങളില്ല. സ്‌പെയിനിലെ നിലവിലെ നിയമം അനുസരിച്ച് വാക്‌സിനെടുക്കാതെ രാജ്യത്ത് പ്രവേശിക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
ഓസ്‌ട്രേലിയയില്‍ നിന്നും നാട് കടത്തിയതിന് പിന്നാലെ, വാക്‌സിനെടുക്കാത്ത ജോക്കോയെ ഫ്രഞ്ച് ഓപ്പണിനിറക്കില്ലെന്ന് ഫ്രാന്‍സ് കായിക മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.