ഹാങ്‌ചോ : ഏഷ്യൻ ഗെയിംസില്‍ (Asian Games 2023) ഇന്ത്യയുടെ നീരജ് ചോപ്രയ്‌ക്ക് പൊന്നിന്‍ തിളക്കം. പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ 88.88 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. (Neeraj Chopra Wins Gold In men's javelin throw at Asian Games 2023). 2018-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിരുന്നു.
ഇന്ത്യയുടെ തന്നെ കിഷോര്‍ ജെനയാണ് (Kishore Jena ) ഈ ഇനത്തില്‍ വെള്ളി സ്വന്തമാക്കിയത്. 86.77 എറിഞ്ഞാണ് താരം രണ്ടാം സ്ഥാനത്ത് എത്തിയത്. ജെനയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
ജാവലിന്‍ ത്രോയുടെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരുന്നു പ്രധാന പോരാട്ടം. ആദ്യ രണ്ട് ശ്രമത്തില്‍ നീരജായിരുന്നു മുന്നിട്ട് നിന്നിരുന്നത്. മൂന്നാം ശ്രമത്തില്‍ ജെന ഒന്നാം സ്ഥാനത്ത് എത്തിയിരുന്നുവെങ്കിലും നീരജ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 82.38 മീറ്റര്‍ എറിഞ്ഞ ജപ്പാന്‍ താരത്തിനാണ് വെങ്കലം. ഇവര്‍ മാത്രമാണ് ഫൈനലില്‍ 80 മീറ്റര്‍ മാര്‍ക്ക് പിന്നിട്ടത്.
തന്‍റെ ആദ്യ ശ്രമത്തിൽ തന്നെ 85 മീറ്ററിലധികം ദൂരം നീരജ് പിന്നിട്ടിരുന്നു. എന്നാല്‍ സാങ്കേതിക തകരാറിനാല്‍ സ്കോറിങ് കാര്‍ഡ് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ ഏറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ താരത്തിന് റീ ത്രോ ചെയ്യേണ്ടി വന്നു.
ഇത്തവണ 82.38 മീറ്ററാണ് നീരജിന് കണ്ടെത്താനായത്. രണ്ടാം ശ്രമത്തില്‍ ഇത് 84.49 മീറ്ററിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും നീരജിന്‍റെ മൂന്നാം ശ്രമം ഫൗളില്‍ കലാശിച്ചു. നാലാം ശ്രമത്തിലാണ് താരം സുവര്‍ണ ദൂരം കണ്ടെത്തിയത്. 88.88 ദൂരം 25-കാരന്‍റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ്. 80.80 മീറ്ററാണ് അഞ്ചാം ഏറില്‍ നീരജ് കണ്ടെത്തിയത്. അവസാന ശ്രമവും ഫൗളായി.
അതേസമയം ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. സെമിഫൈനലില്‍ ദക്ഷിണ കൊറിയയെ മൂന്നിന് എതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയ്ക്കായി ഹാർദിക് സിങ്, മൻദീപ് സിങ്, ലളിത് കുമാർ ഉപാധ്യായ, അമിത് രോഹിദാസ്, അഭിഷേക് എന്നിവരാണ് ഗോളടിച്ചത്.
മാൻജേ ജങ് ആണ് ദക്ഷിണ കൊറിയയുടെ മൂന്ന് ഗോളുകളും നേടിയത്. ഒമ്പത് വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഫൈനലിലെത്തുന്നത്. സ്വർണം നേടിയാല്‍ 2024-ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിലേക്ക് ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിക്കും.