ന്യൂഡല്‍ഹി: കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര നയിക്കും. 37 അംഗ ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിനെ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്‌ഐ) തെരഞ്ഞെടുത്തു. എഎഫ്‌ഐയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത 37 പേരിൽ 18 പേർ വനിതകളാണ്.
സ്റ്റാർ സ്‌പ്രിന്‍റർമാരായ ഹിമ ദാസ്, ദ്യുതി ചന്ദ് എന്നിവര്‍ വനിതകളുടെ 4x100 മീറ്റർ റിലേ ടീമിലൂടെയാണ് തങ്ങളുടെ ബെർത്ത് നേടിയത്. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ എട്ടാം തവണയും സ്വന്തം ദേശീയ റെക്കോഡ് തകർത്ത അവിനാഷ് സാബിളും, കഴിഞ്ഞ മാസം രണ്ട് തവണ 100 മീറ്ററിലെ സ്വന്തം ദേശീയ റെക്കോഡ് തകര്‍ത്ത ജ്യോതി യാരാജി, അടുത്തിടെ ചെന്നൈയിൽ നടന്ന ദേശീയ അന്തർസംസ്ഥാന ചാമ്പ്യൻഷിപ്പിൽ 14.14 മീറ്ററോടെ ട്രിപ്പിൾ ജമ്പിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി എഴുതിയ ഐശ്വര്യ ബാബു തുടങ്ങിയ താരങ്ങളും ടീമിന്‍റെ ഭാഗമാണ്.
വെറ്ററൻ ഡിസ്‌കസ് ത്രോ താരം സീമ പുനിയയ്ക്കും തന്‍റെ അഞ്ചാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അവസരം നല്‍കിയിട്ടുണ്ട്. ഗെയിംസിലെ മുൻകാല പ്രകടനങ്ങൾ കണക്കിലെടുത്താണ് താരത്തെ പരിഗണിച്ചതെന്ന് എഎഫ്‌ഐ പ്രസിഡന്‍റ് ആദില്ലെ സുമരിവല്ല പറഞ്ഞു. എന്നാല്‍ യുഎസ്‌എയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ എഎഫ്‌ഐ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ നിലവാരത്തിൽ എത്തിയാല്‍ മാത്രമേ പങ്കാളിത്വം ഉറപ്പാക്കാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
200 മീറ്ററില്‍ ദേശീയ റെക്കോഡിനുടമ അംലൻ ബോർഗോഹെയ്‌ന് എഎഫ്‌ഐ നിശ്ചയിച്ച യോഗ്യത നിലവാരത്തിലെത്താനാവാതെ വന്നത് തിരിച്ചടിയായി. അതേസമയം പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ മൂന്ന് താരങ്ങള്‍ ഇടം നേടിയ. നീരജ് ചോപ്രയ്‌ക്കൊപ്പം ഡിപി മനുവും രോഹിത് യാദവുമാണ് ഇന്ത്യയ്‌ക്കായി ഇറങ്ങുക.
പുരുഷന്മാരുടെ ട്രിപ്പിൾ ജംപിലും മൂന്ന് താരങ്ങള്‍ ഇറങ്ങുന്നുണ്ട്. അബ്ദുല്ല അബൂബക്കർ, പ്രവീൺ ചിത്രവേൽ, എൽദോസ് പോൾ എന്നിവരാണ് ടീമിൽ ഇടം നേടിയത്. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് ഏട്ട് വരെയാണ് ബര്‍മിങ്‌ഹാമില്‍ കോമണ്‍വെല്‍ക്ക് ഗെയിംസ് നടക്കുക.