ന്യൂഡല്‍ഹി : പുരുഷന്മാരുടെ ദേശീയ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബര്‍ 15 മുതല്‍ 22 വരെ നടത്താന്‍ പദ്ധതിയിടുന്നതായി ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബിഎഫ്‌ഐ).
കർണാടകയിലെ ബെല്ലാരിയിലെ ഇൻസ്‌പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാവുക. മത്സരങ്ങളില്‍ ഹെഡ് ഗാർഡുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനുള്ള സാധ്യത പരിഗണിക്കുന്നതായും ബിഎഫ്‌ഐ അറിയിച്ചു.
ഇന്‍റര്‍നാഷണൽ ബോക്സിങ് അസോസിയേഷൻ കഴിഞ്ഞ മാസം അവതരിപ്പിച്ച പുതിയ ഭാര വിഭാഗങ്ങളിലും ചാമ്പ്യന്‍ഷിപ്പില്‍ മത്സരങ്ങളുണ്ടാവും. പുരുഷ വിഭാഗത്തില്‍ 10 മുതൽ 13 വരെയാണ് സംഘടന ഭാരം വര്‍ധിപ്പിച്ചിരിക്കുന്നത്.
also read: 'സച്ചിനെ വിളിക്കണം, സിഡ്‌നിയിലേത് മാതൃകയാക്കണം'; കോലിയോട് ഗവാസ്കർ
ഇതോടെ 48 കിലോഗ്രാം, 51 കിലോഗ്രാം, 54 കിലോഗ്രാം, 57 കിലോഗ്രാം, 60 കിലോഗ്രാം, 63.5 കിലോഗ്രാം, 67 കിലോഗ്രാം, 71 കിലോഗ്രാം, 75 കിലോ, 80 കിലോഗ്രാം, 86 കിലോഗ്രാം, 92 കിലോഗ്രാം, +92 കിലോഗ്രാം എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം.
കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരുന്നില്ല. 2013ല്‍ എഐബിഎ മെഡിക്കൽ കമ്മിഷൻ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് അമച്വർ ബോക്സിങ്ങില്‍ ഗാര്‍ഡുകളൊഴിവാക്കുന്നത്.
ഗിയർ നീക്കം ചെയ്യുന്നതുവഴി തലച്ചോറിനുണ്ടാകുന്ന ചെറിയ അപകടസാധ്യത കുറയ്ക്കാനാകുമെന്നാണ് എഐബിഎ കണ്ടെത്തല്‍.
1984 മുതല്‍ 2013ല്‍ പുതിയ പഠന ഫലം പുറത്ത് വരുന്നത് വരെ ബോക്‌സിങ്ങില്‍ ഹെഡ് ഗാർഡുകളുടെ ഉപയോഗം നിര്‍ബന്ധമായിരുന്നു.