മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ മേഘാലയക്കെതിരെ കേരളത്തിന് സമനില. മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. കേരളത്തിനായി സഫ്‌നാദ്, സഹീഫ് എന്നിവരും, മേഘാലയയ്ക്കായി കിൻസെയ്ബോറും, ഫിഗോ സിൻഡായും ലക്ഷ്യം കണ്ടു. ക്യാപ്റ്റന്‍ ജിജോ ജോസഫ് പെനാല്‍റ്റി പാഴാക്കിയത് കേരളത്തിന് തിരിച്ചടിയായി.
ഷികിലിനെ പകരം സഫ്‌നാദിനെ ഉള്‍പ്പെടുത്തിയാണ് കേരളം മേഘാലയക്കെതിരെ ഇറങ്ങിയത്. മറുവശത്ത് രാജസ്ഥാനെതിരായ മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങളുമായിട്ടാണ് മേഘാലയ കളത്തിലെത്തിയത്. കേരളത്തിനെതിരെ തകര്‍പ്പന്‍ കളിയാണ് മേഘാലയ പുറത്തെടുത്തത്.
മേഘാലയയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും കളിയിലെ ആദ്യ അവസരം ലഭിച്ചത് കേരളത്തിനായിരുന്നു. 10-ാം മിനി റ്റില്‍ അര്‍ജുന്‍ ജയരാജിന്‍റെ ഗോള്‍ശ്രമം മേഘാലയൻ ഡിഫന്‍ഡര്‍ വില്‍ബര്‍ട്ട് കൃത്യമായ ഇടപെടലിലൂടെ വിഫലമാക്കി. തുടര്‍ന്നും ആക്രമണം കേരളം കടുപ്പിച്ചു.
17-ാം മിനിറ്റിലാണ് ആരാധകർ കാത്തിരുന്ന ഗോൾ എത്തിയത്. നിജോ ഗില്‍ബര്‍ട്ടിന്‍റെ മനോഹരമായ ക്രോസ് മുഹമ്മദ് സഫ്‌നാദ് വലയിലെത്തിക്കുകയായിരുന്നു. കേരളം ഗോള്‍ നേടിയതോടെ മേഘാലയ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തു. 25-ാം മിനിറ്റിൽ മേഘാലയക്ക് അവസരം ലഭിച്ചു. പിന്നില്‍ നിന്ന് ഓടിയെത്തിയ പ്രതിരോധ താരം അജയ് അലക്‌സ് രക്ഷകനായി. 27-ാം മിനിറ്റിൽ സോയല്‍ ജോഷി നല്‍കിയ പാസില്‍ വിക്‌നേഷ് ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
40-ാം മിനിറ്റിൽ കേരള ആരാധകരെ നിശബ്‌ദമാക്കി മേഘാലയ സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് അറ്റ്‌ലാന്‍സണ്‍ ഖര്‍മ നല്‍കിയ ക്രോസിൽ കിന്‍സെയ്ബോര്‍ ലൂയിഡ് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നൗഫല്‍ വലതുവിങ്ങില്‍ നിന്ന് നല്‍കിയ പന്ത് ജെസിന്‍, സഫ്‌നാദിന് മറിച്ച് നൽകി. പക്ഷേ സഫ്‌നാദിന് ലക്ഷ്യം കാണാനായില്ല. തുടർന്ന് 49-ാം മിനിറ്റിൽ ജെസിനെ മേഘാലയ താരം ബോക്‌സില്‍ വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പക്ഷേ കിക്കെടുത്ത ക്യാപ്റ്റന്‍ ജിജോ ജോസഫിന് പിഴച്ചു. പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു.
പിന്നാലെ 55-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച് മേഘാലയയെ മുന്നിലെത്തി. കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ഫിഗോ സിന്‍ഡായിയാണ് ഗോള്‍ നേടിയത്.ടൂർണമെന്‍റിൽ ഫിഗോ സിന്‍ഡായിയുടെ മൂന്നാം ഗോളായിരുന്നുവത്.
ALSO READ: സന്തോഷ് ട്രോഫി | തുടര്‍ച്ചയായ മൂന്നാം തോല്‍വി ; രാജസ്ഥാന്‍ സെമി കാണാതെ പുറത്ത്
എന്നാല്‍ ഈ ഗോളിന്‍റെ വെറും മൂന്ന് മിനിറ്റിന്‍റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. 58-ാം മിനിറ്റില്‍ മുഹമ്മദ് സഹീഫ് കേരളത്തെ ഒപ്പമെത്തിച്ചു. അര്‍ജുന്‍ ജയരാജ് എടുത്ത ഫ്രീ കിക്ക് മേഘാലയൻ താരങ്ങളുടെ ദേഹത്ത് തട്ടിയെത്തിയത് സഹീഫ് ഗോളാക്കുകയായിരുന്നു.
88-ാം മിനിറ്റിൽ സഹീഫിന്റെ ഫ്രീ കിക്കില്‍ നിന്ന് ബിപിന്‍ അജയന്റെ ഹെഡര്‍ ബാറിലിടിച്ച് മടങ്ങിയത് കേരളത്തിന് തിരിച്ചിടിയായി. 90 മിനിറ്റിൽ മറ്റൊരു അവസരം ലഭിച്ചു. വലതു വിങ്ങിലൂടെ നൗഫല്‍ അകത്തേക്ക് കടന്ന് സോയലിന് നല്‍കിയ ബോള്‍ സോയല്‍ ബോക്‌സിലേക്ക് നല്‍കി. പന്ത് സ്വീകരിച്ച ജിജോ ജോസഫ് ഗോളിന് ശ്രമിച്ചെങ്കിലും മേഘാലയന്‍ ഗോള്‍ കീപ്പര്‍ ഫ്രോളിക്‌സണ്‍ ഡഖാർ തട്ടി അകറ്റി.
മൂന്ന് മത്സരത്തില്‍ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്‍റുമായി കേരളമാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്‍റുള്ള മേഘാലയയാണ് രണ്ടാമത്. സെമി ഫൈനല്‍ യോഗ്യത നേടാന്‍ കേരളം ഒരു മത്സരം കൂടെ കാത്തിരിക്കണം. നാളെ പഞ്ചാബിനെതിരെയാണ് കേരളത്തിന്‍റെ അവസാന ഗ്രൂപ്പ് മത്സരം.