ബാഴ്‌സലോണ: ജനുവരിയിലെ ട്രാൻസ്‌ഫർ വിൻഡോ അടയ്‌ക്കുന്നതിന് മുന്നേ ക്ലബ് വിടണമെന്ന് ഫ്രഞ്ച് സ്‌ട്രൈക്കർ ഓസുമാനെ ഡെംബലെയോട് ആവശ്യപ്പെട്ട് സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ. ബാഴ്‌സലോണയുമായി പുതിയ കരാർ ഒപ്പിടാൻ തയ്യാറായില്ലെങ്കിൽ താരം ക്ലബ് വിടേണ്ടിവരുമെന്ന് പരിശീലകൻ സാവി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
ഈ സീസണ്‍ അവസാനിക്കുന്നത് വരെ താരത്തിന് ബാഴ്‌സയിൽ കരാർ ഉണ്ട്. എന്നാൽ കരാർ പുതുക്കുന്നതിനായി പ്രതിവർഷം 40 മില്യൻ യൂറോ എന്ന ഭീമമായ തുകയാണ് താരം മുന്നോട്ട് വെയ്‌ക്കുന്നത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ മുന്നോട്ട് പോകുന്ന ഈ തുക അംഗീകരിക്കാനാകില്ല.
കരാർ പുതുക്കാതെ ഈ വർഷത്തെ കരാർ തീരുന്നതു വരെ താരം ക്ലബിൽ തുടർന്നാൽ ഡെംബലെ ഫ്രീ ഏജന്‍റായി മാറുകയും ബാഴ്‌സയ്‌ക്ക് കടുത്ത സാമ്പത്തിക നഷ്‌ടം ഉണ്ടാവുകയും ചെയ്യും. എന്നാൽ കരാർ തീരുന്നതിന് മുന്നേ ജനുവരിയിൽ താരം ക്ലബ് വിട്ടാൽ അതിലൂടെ ബാഴ്‌സയ്‌ക്ക് ട്രാൻസ്‌ഫർ ഫീ ലഭിക്കും. ഇതിനാലാണ് താരത്തേട് ക്ലബ് വിടാൻ ബാഴ്‌സ ആവശ്യപ്പെട്ടത്.
ALSO READ: ഹർഭജൻ സിങിന് കൊവിഡ്; സുരക്ഷിതനാണെന്ന് താരം
ബ്രസീൽ താരം നെയ്‌മർ റെക്കോർഡ് തുകയ്ക്കു പിഎസ്‌ജിയിലേക്കു മാറിയപ്പോഴാണ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്‌മുണ്ടിൽ നിന്ന് 2017ൽ ഡെംബലെയെ ക്ലബ്ബിലെത്തിച്ചത്. എന്നാൽ നിരന്തരമായ പരിക്കുകൾ കാരണം വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ താരത്തിന് ബാഴ്‌സയിൽ കളിക്കാൻ സാധിച്ചുള്ളു.