മലപ്പുറം: മലയാളിയുടെ കാല്‍പ്പന്തിനോടുള്ള ഇഷ്‌ടം അളന്നുതിട്ടപ്പെടുത്തല്‍ ബുദ്ധിമുട്ടാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഖത്തര്‍ ലോകകപ്പ്. ഇതിലും വലുത് ഇനി സ്വപ്‌നങ്ങളിൽ മാത്രം എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് മഞ്ചേരിയിൽ 150 അടി ഉയരത്തിലുള്ള മെസിയുടെ ഫ്ലെക്‌സ് സ്ഥാപിച്ചാണ് ആരാധകര്‍ ഏറ്റുമൊടുവില്‍ ആവേശം പ്രകടിപ്പിച്ചത്. ഖത്തർ ലോകകപ്പിന്‍റെ കിക്കോഫ് നടന്ന ഇന്നലെയാണ് മെസിയുടെതായി സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ഫ്ലെക്‌സ് ആരാധകര്‍ മഞ്ചേരിക്ക് സമര്‍പ്പിച്ചത്.
കവളങ്ങാട് നിർമിക്കുന്ന 23 നില കെട്ടിട സമുച്ചയത്തിലാണ് ഇന്ത്യൻ മെഡിക്കൽ അസോസിസേഷൻ (ഐഎംഎ) ഭാരവാഹികള്‍ മെസിയുടെ കൂറ്റൻ ഫ്ലെക്‌സ് സ്ഥാപിച്ചത്. 17 നില ഉയരത്തിലായി 150 അടി ഉയരവും 40 അടി വീതിയുമുള്ള ആറ് ഭാഗങ്ങളായാണ് ഫ്ലെക്‌സ് തയാറാക്കിയത്. രണ്ട് ലക്ഷം രൂപ ചെലവിലാണ് ഇത് സ്ഥാപിച്ചതെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചു. അതേസമയം കെട്ടിടത്തിന്‍റെ നിർമാണം പുരോഗമിക്കുന്നതിനാൽ ഓരോ നിലയിലെയും സ്‌കഫോൾഡ് പ്രയോജനപ്പെടുത്തിയാണ് ഇന്നലെ വൈകിട്ട് എട്ടരയോടെ ഇരുപതോളം തൊഴിലാളികൾ ചേര്‍ന്ന് മെസിയുടെ കൂറ്റന്‍ ഫ്ലെക്‌സ് സ്ഥാപിച്ചത്.