മാഡ്രിഡ് : മാഡ്രിഡ് ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ പുരുഷ സിംഗിള്‍സ് വിഭാഗത്തിന്‍റെ കലാശപ്പോരിന് ടിക്കറ്റെടുത്ത് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്. സെമിയില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സ്വരേവ് കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സ്വരേവിന്‍റെ വിജയം.
സ്‌കോര്‍ : 6-4, 3-6, 6-2. വിജയത്തോടെ കഴിഞ്ഞ മാസം നടന്ന മോണ്ടെ കാർലോ സെമിയിലെ തോല്‍വിക്ക് സിറ്റ്സിപാസിനോട് പകരം വീട്ടാനും രണ്ടാം സീഡായ ജര്‍മന്‍ താരത്തിനായി. എടിപി മാസ്റ്റേഴ്‌സ് 1000 ഇവന്‍റില്‍ 25കാരനായ സ്വരേവ് തന്‍റെ 10ാം ഫൈനലില്‍ അറാം കിരീടമാണ് ലക്ഷ്യംവയ്‌ക്കുന്നത്.
ഫൈനലില്‍ സ്‌പാനിഷ് സെന്‍സേഷന്‍ കാർലോസ് അൽകാരസാണ് സ്വരേവിന്‍റെ എതിരാളി. ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് 19കാരന്‍ ഫൈനലിനെത്തുന്നത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജോക്കോ അല്‍കാരസിന് മുന്നില്‍ കീഴടങ്ങിയത്.
ആദ്യ സെറ്റ് നഷ്‌ടപ്പെട്ട അൽകാരസ് പിന്നില്‍ നിന്നാണ് പൊരുതിക്കയറിയത്. സ്‌കോര്‍: 6-7(5), 7-5, 7-6(5). ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റാഫേല്‍ നദാലിനേയാണ് അൽകാരസ് കീഴടക്കിയത്.