'ഒന്നും ധാരണയിലെത്തിയിട്ടില്ല'; മെസി സൗദി ക്ലബിലേക്ക് പോകുന്നെന്ന വാർത്തകൾ തള്ളി പിതാവ് - Lionel Messis father says no deal with Saudi club
സീസണ് ശേഷം മാത്രമേ ക്ലബ് മാറ്റത്തിന്‍റെ കാര്യത്തിൽ തീരുമാനമാകുകയുള്ളൂവെന്ന് മെസിയുടെ പിതാവ് ജോർജ് മെസി

പാരിസ്: അർജന്‍റീനിയൻ സൂപ്പർ താരം ലയണൽ മെസി അടുത്ത സീസണിൽ സൗദി ക്ലബിലേക്ക് പോകുമെന്ന റിപ്പോർട്ട് തള്ളി താരത്തിന്‍റെ പിതാവും ഏജന്‍റുമായ ജോർജ് മെസി. നിലവിൽ മെസി ഒരു ക്ലബുമായും ധാരണയിൽ എത്തിയിട്ടില്ലെന്നും സീസണ് ശേഷം മാത്രമേ ക്ലബ് മാറ്റത്തിന്‍റെ കാര്യത്തിൽ തീരുമാനമാകുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. മെസി സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിൽ ചേരുമെന്ന് അന്താരാഷ്‌ട്ര മാധ്യമമായ എഎഫ്‌പി റിപ്പോർട്ട് ചെയ്‌തതിന് തൊട്ട് പിന്നാലെയാണ് ജോർജ് ഇക്കാര്യത്തിൽ പ്രതികരണവുമായെത്തിയത്.
3,270 കോടി രൂപയുടെ വാർഷിക കരാറാണ് അൽ ഹിലാലുമായി മെസി ഒപ്പിടുന്നതെന്നായിരുന്നു എഎഫ്‌പിയുടെ റിപ്പോർട്ട്. മെസി അടുത്തിടെ സൗദി സന്ദർശിച്ചിരുന്നു, കൂടാതെ പിഎസ്‌ജി വിടുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യങ്ങൾ വിലയിരുത്തിയായിരുന്നു എഎഫ്‌പി മെസി സൗദിയിലേക്ക് പോകുന്നു എന്ന് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ മെസിയോ അൽ ഹിലാലോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
ഇതിനിടെ പ്രശസ്‌ത ഫുട്‌ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും മെസി സൗദി ക്ലബിലേക്ക് പോകുന്നു എന്ന വാർത്തകൾ തള്ളിയിരുന്നു. മെസിയുടെ നിലവിലെ സാഹചര്യത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും സീസണിനൊടുവിൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമാകുകയുള്ളു എന്നുമാണ് റൊമാനോ ട്വീറ്റ് ചെയ്‌തത്. കൂടാതെ മെസിയെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്‌സ നടത്തുന്നുണ്ടെന്നും റൊമാനോ അറിയിച്ചിരുന്നു.
ALSO READ : മെസി സൗദിയിലേക്ക്... അല്‍ ഹിലാല്‍ ക്ലബിന്‍റേത് റെക്കോഡ് ഓഫർ
അടുത്തിടെ പിഎസ്‌ജിയെ അറിയിക്കാതെ കുടുംബവുമൊത്ത് സൗദി അറേബ്യ സന്ദർശിച്ചതിന് മെസിയെ ക്ലബ് രണ്ടാഴ്‌ചത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ക്ലബിന്‍റെ തീരുമാനത്തിൽ മെസി അസ്വസ്ഥനാണെന്നും അതിനാൽ താരം പിഎസ്‌ജി വിടുമെന്നുമുള്ള വാർത്തകൾ സജീവമാകുകയും ചെയ്‌തു.
എന്നാല്‍ ക്ലബിനോടും സഹതാരങ്ങളോടും മാപ്പ് പറഞ്ഞതോടെ ക്ലബ് വിലക്ക് പിൻവലിക്കുകയും മെസി കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്‌തിരുന്നു. മെസിയുമായി പിഎസ്‌ജി കരാർ പുതുക്കാൻ ഒരുക്കമാണെന്ന വാർത്തകൾ വന്നതിന് തൊട്ടുപിന്നാലെയാണ് സൂപ്പർ താരം സൗദി അറേബ്യൻ ക്ലബുമായി കരാർ ഒപ്പിടുകയാണെന്ന വിവരം പുറത്തുവരുന്നത്.
എന്നാൽ മെസിയെ സ്വന്തമാക്കാൻ ബാഴ്‌സലോണ നീക്കങ്ങൾ നടത്തുന്നതായാണ് വിവരം. ലാ ലിഗ മുന്നോട്ട് വച്ച സാമ്പത്തിക നിബന്ധനകളായിരുന്നു മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സയ്‌ക്ക് മുന്നിലുണ്ടായിരുന്ന തടസം. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം സാമ്പത്തിക നിബന്ധനകൾ മറികടന്ന് മെസിയെ തിരികെയെത്തിക്കാൻ ബാഴ്‌സ മുന്നോട്ട് വച്ച പദ്ധതിക്ക് ലാ ലിഗ അനുമതി നൽകിയതായാണ് വിവരം.
താരങ്ങളെ ട്രാൻസ്‌ഫർ ചെയ്‌ത് 100 മില്യണ്‍ യൂറോ ബാഴ്‌സ സ്വന്തമാക്കണമെന്നതാണ് പുതിയ പദ്ധതി. ഇത് നടപ്പായാൽ മെസിയെ ഉടൻ തന്നെ പഴയ തട്ടകത്തിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വർഷങ്ങളോളം സ്‌പാനിഷ് ക്ലബുമായുണ്ടായിരുന്ന ആത്മബന്ധം ഉപേക്ഷിച്ചാണ് 2021ല്‍ ലയണല്‍ മെസി പാരിസ് സെയിന്‍റ് ജർമനിലെത്തിയത്.
ALSO READ : ലോറസ് പുരസ്‌കാര നിറവിൽ കായികലോകം; മികച്ച താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി ലയണൽ മെസി