പാരിസ്: ഫ്രഞ്ച് ലീഗില്‍ എല്‍ഒഎസ്‌സി ലില്ലെയെ ഗോള്‍മഴയില്‍ മുക്കി പിഎസ്‌ജി. ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് പിഎസ്‌ജിയുടെ തകര്‍പ്പന്‍ ജയം. കിലിയന്‍ എംബാപ്പെയുടെ ഹാട്രിക് മികവാണ് സംഘത്തിന് നിര്‍ണായകമായത്. സൂപ്പര്‍ താരങ്ങളായ നെയ്‌മര്‍ രണ്ട് തവണയും മെസി ഒരു തവണയും വലകുലുക്കി.
വേഗമേറിയ ഗോളുമായി എംബാപ്പെ: അഷ്‌റഫ് ഹക്കിമിയുടെ വകയാണ് പിഎസ്‌ജിയുടെ പട്ടികയിലെ മറ്റൊരൊരു ഗോള്‍. മത്സരം തുടങ്ങി എട്ടാം സെക്കന്‍ഡില്‍ തന്നെ എംബാപ്പെ പിഎസ്‌ജിയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. മൈതാന മധ്യത്ത് നിന്നും മെസി നീട്ടി നല്‍കിയ പാസിലാണ് എംബാപ്പെ അനായാസം ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്.
27ാം മിനിട്ടില്‍ മെസിയാണ് പിഎസ്‌ജിയുടെ രണ്ടാം ഗോള്‍ നേടിയത്. ബോക്‌സിന് അകത്ത് നിന്നും മെന്‍ഡസ് നല്‍കിയ പാസിലാണ് മെസി വലകുലുക്കിയത്. 39ാം മിനിട്ടില്‍ നെയ്‌മറുടെ പാസില്‍ ഹക്കിമിയും ലക്ഷ്യം കണ്ടു. തുടര്‍ന്ന് ആദ്യ പകുതി അവസാനിക്കും മുമ്പ് നെയ്‌മറും ലക്ഷ്യം കണ്ടതോടെ പിഎസ്‌ജി നാല് ഗോളുകള്‍ക്ക് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കം തന്നെ നെയ്‌മര്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ പിഎസ്‌ജി അഞ്ച് ഗോളിന് മുന്നിലെത്തി. 54ാം മിനിട്ടില്‍ ബാംബയാണ് ലില്ലെയുടെ ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍ 66ാം മിനിട്ടിലും 87ാം മിനിട്ടിലും വലകുലുക്കിയ എംബാപ്പെ ഹാട്രിക് തികച്ച് നിലവിലെ ചാമ്പ്യന്മാരുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് നെയ്‌മറാണ്. വിജയത്തോടെ ലീഗില്‍ കളിച്ച മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച പിഎസ്‌ജി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. ഇത്രയും മത്സരങ്ങളില്‍ നിന്നും 17 ഗോളുകളാണ് സംഘം അടിച്ച് കൂട്ടിയത്.
also read: Premier League : മെൻഡിയുടെ പിഴവ്, ലീഡ്‌സിനെതിരെ ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി