ലണ്ടന്‍: ടെന്നിസുമായുള്ള ബന്ധം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് സ്വിസ് ഇതിഹാസം റോജർ ഫെഡറർ. പ്രൊഫഷണല്‍ ടൂര്‍ണമെന്‍റുകള്‍ അവസാനിപ്പിച്ചാലും ടെന്നിസ് കളിക്കുന്നത് തുടരും. വിരമിക്കലിന് ശേഷമുള്ള പ്രവർത്തനങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ലെന്നും ഫെഡറര്‍ പറഞ്ഞു.
പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ തന്‍റെ പട്ടികയിൽ ഒന്നാമതായിരിക്കും. പുതിയ കാര്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ എപ്പോഴും തയ്യാറാണ്. യുവതലമുറയ്‌ക്ക് ടെന്നിസുമായി ബന്ധപ്പെട്ട അറിവുകള്‍ നല്‍കുന്നതിന് സഹായിക്കുന്ന ഒരു ആവേശകരമായ റോൾ കണ്ടെത്താൻ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
വിരമിക്കലിന് ശേഷം ഭാര്യ മിർക്കയോടും മക്കളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെഡറര്‍ പറഞ്ഞു. നാളെ(22.09.2022) ആരംഭിക്കുന്ന ലേവർ കപ്പിന് ശേഷം ടെന്നിസില്‍ നിന്നും വിരമിക്കുമെന്ന് 20 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങൾ നേടിയ ഫെഡറര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് 41കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. തീരുമാനം കഠിനമായിരുന്നു. 24 വര്‍ഷത്തോളം കോര്‍ട്ടിലുണ്ടായിരുന്ന തനിക്ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് നല്‍കിയതായും വീഡിയോയില്‍ ഫെഡറര്‍ പറഞ്ഞിരുന്നു.
അതേസമയം 2021ലെ വിംബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം ഫെഡറർ ഇതേവരെ കളത്തിലിറങ്ങിയിട്ടില്ല. കാൽമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു താരം കളിക്കളത്തില്‍ നിന്നും വിട്ട് നിന്നത്.