ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി പരിക്കിന്‍റെ പിടിയിലായ ഇന്ത്യൻ താരം കെ.എൽ രാഹുലിന് അടുത്ത മാസം ബർമിങ്‌ഹാമിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരവും നഷ്‌ടമാകും. അരക്കെട്ടിനേറ്റ പരിക്കിൽ നിന്ന് രാഹുൽ ഇതുവരെ മുക്തനായിട്ടില്ല.
ഫിറ്റ്‌നസ് ടെസ്റ്റിൽ പങ്കെടുത്താലും പരിക്ക് പൂർണമായും ഭേദമാകാൻ സമയമെടുക്കുമെന്നും, അതിനാൽ തന്നെ രാഹുല്‍ ടെസ്റ്റ് ടീമിൽ ഇടം നേടാനുള്ള സാധ്യതയില്ലെന്നും ബി.സി.സി.ഐ വൃത്തങ്ങൾ പറഞ്ഞു. നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീം ഇന്ന് രാത്രി ഇംഗ്ലണ്ടിലേക്ക് തിരിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യിൽ ഇന്ത്യൻ നായകനായ റിഷഭ് പന്ത് ഒഴികെയുള്ള താരങ്ങളാണ് ഇന്ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുക. അതേസമയം ശുഭ്‌മാൻ ഗില്ലും, ചേതേശ്വർ പൂജാരയും ഉളളതിനാൽ ഓപ്പണിങ് സ്ഥാനത്ത് രാഹുലിന്‍റെ അഭാവം ടീമിനെ ബാധിക്കില്ലെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
അയർലൻഡിൽ നയിക്കാൻ ഹാർദിക്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നടക്കുന്നതിനാൽ അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിൽ റിഷഭ് പന്ത് കളിക്കില്ല. അതിനാൽ തന്നെ പരമ്പരയിൽ ഇന്ത്യൻ ടീമിനെ ഹാർദിക് പാണ്ഡ്യ നയിച്ചേക്കും.
സീനിയർ താരങ്ങളായ ദിനേഷ് കാർത്തിക്കും, ഭുവനേശ്വർ കുമാറും ടീമിലുണ്ടെങ്കിലും നിലവിൽ വൈസ് ക്യാപ്‌റ്റനായ ഹാർദിക്കിനെ തന്നെയാകും നായകനായി പരിഗണിക്കുകയെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.