ശ്രീനഗര്‍: ഖേലോ ഇന്ത്യയുടെ മൂന്നാം പതിപ്പ് കശ്‌മീർ താഴ്‌വരയിലെ ഏറ്റവും പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗില്‍ ആരംഭിച്ചു. 11 മത്സരയിനങ്ങളിലായി രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 1500ലധികം താരങ്ങളാണ് അഞ്ചുദിവസത്തിലായി നടക്കുന്ന ഖേലോ ഇന്ത്യ വിന്‍റർ ഗെയിംസില്‍ മാറ്റുരയ്‌ക്കുക. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്‍റെ പിന്തുണയോടെ ജമ്മു കശ്‌മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജമ്മു കശ്‌മീര്‍ വിന്‍റര്‍ ഗെയിംസ് അസോസിയേഷനും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
ഗുൽമാർഗ് സ്വർഗമാണെന്നും മത്സരങ്ങൾ ഇവിടെ സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമായ കാര്യമാണെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ഇത്തവണ മികച്ച മത്സരങ്ങള്‍ തന്നെ കാണാനാകും. എല്ലാ താരങ്ങളെയും നിരീക്ഷിക്കുമെന്നും അതിലൂടെ മികച്ച താരങ്ങളെ ദേശീയ അന്തർദേശീയ മത്സരങ്ങളിലേക്കെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഖേലോ ഇന്ത്യ സംഘാടനം വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 2020-ൽ ആരംഭിച്ച ഖേലോ ഇന്ത്യ വിന്‍റര്‍ ഗെയിംസിന് ആദ്യ വേദിയായതും ജമ്മു കശ്‌മീര്‍ തന്നെയായിരുന്നു.