കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ എട്ടാം സീസണിൽ ആരാധകരെ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനൽ വരെയെത്തിയത്. മുൻപത്തെ സീസണുകളിൽ തോൽവി സ്ഥിരമാക്കിയ ബ്ലാസ്റ്റേഴ്‌സിന്‍റെ തകർപ്പൻ തിരിച്ചുവരവാണ് ഇക്കഴിഞ്ഞ സീസണിൽ കാണാൻ സാധിച്ചത്. ഫൈനലിലെ ഷൂട്ടൗട്ടിൽ ഹൈദരാബാദ് എഫ്‌സിയോട് തോൽവി വഴങ്ങിയെങ്കിലും ആരാധകരുടെ മനസ് നിറച്ചാണ് മഞ്ഞപ്പട സീസണ്‍ അവസാനിപ്പിച്ചത്.
പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്നെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ ഈ മികവിന് പിന്നിൽ. ഇപ്പോൾ കഴിഞ്ഞ തവണ കൈവിട്ട കിരീടം ഈ സീസണിൽ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി രണ്ടര മാസത്തോളമുള്ള പ്രീ സീസണായി യൂറോപ്പിലേക്ക് പറക്കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.
ALSO READ: പ്രതിരോധക്കോട്ട കാക്കാന്‍ ലെസ്‌കോവിച്ച് തുടരും ; ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
പരിശീലനത്തിനായി യൂറോപ്പിലേക്ക് പറക്കാനും അവിടെ ചില യൂറോപ്യൻ ക്ലബുകളുമായി സൗഹൃദമത്സരം കളിക്കാനും ടീം പദ്ധതിയിടുന്നുണ്ട്. യൂറോപ്പിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഹോം ഗ്രൗണ്ടായ കൊച്ചി കലൂർ സ്റ്റേഡിയത്തിലും ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരങ്ങൾ കളിക്കും. ടീം പരിശീലകൻ വുകോമനോവിച്ച് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സീസണ് പിന്നാലെ പരിശീലകൻ വുകോമനോവിച്ചിന്‍റെയും പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ച്, ഇന്ത്യൻ താരങ്ങളായ ബിജോയ് വർഗീസ്, ജീക്‌സൺ സിങ് എന്നിവരുടേയും കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരുന്നു. ടീമിലെ മറ്റ് പ്രധാന വിദേശ താരങ്ങളുടേയും കരാർ പുതുക്കിയേക്കും എന്നാണ് സൂചന.