റോം: ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ കിരീടം ചൂടി സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. കളിമണ്‍ കോര്‍ട്ടിലെ പുരുഷ വിഭാഗം ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് ജോക്കോ കീഴടക്കിയത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരത്തെ ജോക്കോ കീഴടക്കിയത്.
ആദ്യ സെറ്റില്‍ അനായാസം കീഴടങ്ങിയ സിറ്റ്സിപാസ് രണ്ടാം സെറ്റില്‍ ജോക്കോയ്‌ക്ക് കനത്ത വെല്ലുവിളിയായി. സ്‌കോര്‍: 6-0, 7-6(5). സീസണില്‍ ആദ്യത്തേയും, റോമില്‍ ആറാമത്തേയും, മാസ്‌റ്റേഴ്‌സില്‍ 38ാമത്തേയും കിരീടമാണ് ജോക്കോയ്‌ക്കിത്.
ഇതോടെ അടുത്ത ആഴ്‌ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിനുള്ള ഒരുക്കവും ഗംഭീരമാക്കാന്‍ സെര്‍ബിയന്‍ താരത്തിന് കഴിഞ്ഞു. ഞായറാഴ്ച പാരീസിൽ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ കരിയറിലെ 21-ാം ഗ്രാൻഡ്സ്ലാം കിരീടമാണ് ജോക്കോ ലക്ഷ്യം വെയ്‌ക്കുന്നത്.
also read: തോമസ് കപ്പ് നേട്ടം കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്: കിഡംബി ശ്രീകാന്ത്
അതേസമയം ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ വിജയത്തോടെ എടിപി ടൂർ ലെവൽ മത്സരങ്ങളില്‍ 1,000 വിജയം നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കിയിരുന്നു. ജിമ്മി കോണേഴ്‌സ്, റോജർ ഫെഡറർ, ഇവാൻ ലെൻഡൽ, റാഫേൽ നദാൽ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്.