ഷാങ്‌വോണ്‍: ഐഎസ്എസ്എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമറിന് സ്വര്‍ണം. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വിഭാഗത്തിലാണ് 21കാരനായ ഇന്ത്യന്‍ താരത്തിന്‍റെ സുവര്‍ണ നേട്ടം. ഫൈനലില്‍ ഹംഗറിയുടെ സാലന്‍ പെക്ലാറിനെയാണ് തോമര്‍ കീഴടക്കിയത്. സ്‌കോര്‍: 16-12.
2018ലെ യൂത്ത് ഒളിമ്പിക്‌സ് ചാമ്പ്യനാണ് സാലന്‍ പെക്ലാര്‍. യോഗ്യത റൗണ്ടില്‍ 593 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്തെത്താനും തോമറിന് കഴിഞ്ഞിരുന്നു. ഹംഗറിയുടെ തന്നെ ഇസ്ത്വാന്‍ വെങ്കലം സ്വന്തമാക്കി.
ഇതേ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ചെയിന്‍ സിങ് ഏഴാം സ്ഥാനത്തെത്തി. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ഐശ്വരി പ്രതാപ് സിങ് തോമര്‍.