പനാജി: ഐഎസ്‌എല്ലില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ ജംഷഡ്‌പൂര്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജംഷഡ്‌പൂര്‍ ഹൈദരബാദിനെ കീഴടക്കിയത്. വിജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനും പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്താനും ജംഷഡ്‌പൂരിനായി. ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്‌പൂര്‍ പ്ലേ ഓഫിന് യോഗ്യത നേടിയത്.
ജംഷഡ്‌പൂരിനായി പീറ്റര്‍ ഹാര്‍ട്‌ലി, ഡാനിയേല്‍ ചിമ ചുക്വു എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹൈദരാബാദ് താരം ചിംഗ്ലെന്‍സാന സിങ്ങിന്‍റെ സെല്‍ഫ് ഗോളും പട്ടികയില്‍ ഇടം പിടിച്ചു. മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ തന്നെ ചിംഗ്ലെന്‍സാനയുടെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്താന്‍ ജംഷഡ്‌പൂരിനായി. മൊബാഷിറിന്‍റെ ഷോട്ട് ചിംഗ്ലെന്‍സാനയുടെ നെഞ്ചില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
28ാം മിനിട്ടില്‍ സംഘം ലീഡ് ഉയര്‍ത്തി. അലക്സിന്‍റെ കോര്‍ണറില്‍ നിന്ന് പീറ്റര്‍ ഹാര്‍ട്‌ലിയാണ് പന്ത് വലയിലെത്തിച്ചത്. തുടര്‍ന്ന് 65ാം മിനിട്ടില്‍ ഡാനിയേല്‍ ചിമ ചുക്വു മൂന്നാം ഗോളും നേടി. കമറയുടെ മിസ് പാസില്‍ നിന്നും പന്ത് ലഭിച്ച താരം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ അനായാസം ലക്ഷ്യം കണ്ടു. മൂന്ന് ഗോളിന് മുന്നില്‍ നില്‍ക്കേ 68ാം മിനിട്ടില്‍ മൊബഷിര്‍ റഹ്‌മാന്‍ ചുവപ്പ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ജംഷഡ്‌പൂര്‍ മത്സരം പൂര്‍ത്തിയാക്കിയത്.
also read: യുക്രൈന്‍ അധിനിവേശം: ബെലാറസിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ത്യ റദ്ദാക്കി
18 മത്സരങ്ങളില്‍ നിന്നും 37 പോയിന്‍റോടെയാണ് ജംഷഡ്‌പൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 11 വിജയവും നാല് സമനിലയും നേടിയ സംഘത്തിന് മൂന്ന് തോല്‍വിയാണുള്ളത്. അതേസമയം തോല്‍വിയോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്തായി. 19 മത്സരങ്ങളില്‍ 35 പോയിന്‍റാണ് സംഘത്തിനുള്ളത്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ഹൈദരാബാദ് 10 ജയവും അഞ്ച് സമനിലയും നേടിയപ്പോള്‍ നാല് തോല്‍വി വഴങ്ങി.