ന്യൂഡല്‍ഹി : ബര്‍മിങ്‌ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. 322 അംഗ ടീമിനെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ ) പ്രഖ്യാപിച്ചത്. 215 അത്‌ലറ്റുകളും107 ഒഫീഷ്യല്‍സുമാണ് സംഘത്തിലുള്ളത്.
കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള തങ്ങളുടെ എക്കാലത്തെയും ശക്തരായ സംഘത്തിലൊന്നിനെയാണ് ഇത്തവണ അയയ്ക്കുന്നതെന്ന് ഐഒഎ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. തങ്ങളുടെ കരുത്തുറ്റ ഇനമായ ഷൂട്ടിങ് ഇല്ലെങ്കിലും കഴിഞ്ഞ പതിപ്പിൽ നിന്നുള്ള പ്രകടനം മെച്ചപ്പെടുത്താനാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒളിമ്പിക് ജേതാക്കളായ നീരജ് ചോപ്ര, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പി.വി സിന്ധു, മിരാബായ് ചാനു, ബജ്‌റംഗ് പുനിയ, രവികുമാര്‍ ദഹിയ എന്നിവര്‍ക്കൊപ്പം, നിലവിലെ ചാമ്പ്യന്മാരായ മണിക ബത്ര, വിനേഷ് ഫോഗട്ട്, എന്നിവരും 2018ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളായ തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കല്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
അതേസമയം 2018ലെ ഗെയിംസില്‍ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഗെയിംസ് നടക്കുന്നത്.