ടോക്കിയോ: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബ്രസീൽ ഇന്ന് ജപ്പാനെ നേരിടും. അവസാന മത്സരത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് കാനറികളുടെ വരവ്. ഇന്ത്യൻ സമയം വൈകിട്ട് 3.50നാണ് മത്സരം.
കോപ്പ അമേരിക്ക ഫൈനലിലെ അർജന്‍റീനക്കെതിരായ തോൽവിക്ക് ശേഷം കളിച്ച 12 മത്സരത്തിലും ബ്രസീൽ തോൽവിയറിഞ്ഞിട്ടില്ല. ജപ്പാനെതിരായ 12 മത്സരങ്ങളിൽ പത്തിലും ബ്രസീലിനായിരുന്നു വിജയം. രണ്ട് സമനില മാത്രം നേടിയ ജപ്പാന് ഇതുവരെ ബ്രസീലിനെ കീഴ്‌പെടുത്താനായിട്ടില്ല.
സൂപ്പര്‍ താരം നെയ്‌മറുടെ മികവിലാണ് ദക്ഷിണ കൊറിയക്കെതിരെ ബ്രസീല്‍ വമ്പന്‍ ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കാനറികളുടെ വിജയം. നെയ്‌മര്‍ പെനാല്‍റ്റിയിലൂടെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റിച്ചാര്‍ലിസണും ഫിലിപ്പെ കുടീഞ്ഞോയും ഗബ്രിയേല്‍ ജെസ്യൂസും ഓരോ ഗോള്‍ വീതം നേടി.