ജക്കാർത്ത : ഇന്തോനേഷ്യ ഓപ്പണ്‍ (Indonesia Open ) ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍. പിവി സിന്ധുവിനും എച്ച്എസ് പ്രണോയ്‌ക്കും പിന്നാലെ കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, പ്രിയാൻഷു രജാവത് എന്നിവരാണ് ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. പുരുഷ സിംഗിള്‍സിന്‍റെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനയുടെ ലു ഗുവാങ് സുവിനെതിരെയാണ് കിഡംബി ശ്രീകാന്ത് ജയിച്ച് കയറിയത്. ലക്ഷ്യ സെന്‍ മലേഷ്യയുടെ എട്ടാം സീഡ് താരമായ ലീ സി ജിയയെ തോല്‍പ്പിച്ചപ്പോള്‍ പ്രിയാൻഷു രജാവത്തിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
തങ്ങളുടെ എതിരാളികള്‍ക്കെതിരെ അനായാസമാണ് ഇന്ത്യന്‍ താരങ്ങള്‍ ജയിച്ച് കയറിയത്. ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവും ലോക റാങ്കിങ്ങിൽ 20-ാം സ്ഥാനക്കാരനുമായ ലക്ഷ്യ സെന്‍ ലോക റാങ്കില്‍ തന്നേക്കാള്‍ മുന്നിലുള്ള മലേഷ്യയുടെ ലീ സി ജിയയെ വെറും 32 മിനിട്ടിലാണ് കീഴടക്കിയത്. തുടക്കം മുതല്‍ ലക്ഷ്യ ആധിപത്യം നേടിയതോടെ ലോക റാങ്കില്‍ 11-ാം സ്ഥാനക്കാരനായ മലേഷ്യന്‍ താരത്തിന് ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് മത്സരം കൈമോശം വന്നത്.
ആദ്യ സെറ്റ് 21-17 എന്ന സ്‌കോറിനാണ് ലക്ഷ്യ പിടിച്ചത്. രണ്ടാം സെറ്റ് 21-13 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ താരം വിജയിച്ചത്. ഇതോടെ ലീ സി ജിയയ്‌ക്കെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലുള്ള തന്‍റെ ആധിപത്യം 3-1 ആയി ഉയർത്താനും ലക്ഷ്യയ്‌ക്ക് കഴിഞ്ഞു.
ലക്ഷ്യ സെന്നിനെപ്പോലെ, കിഡംബി ശ്രീകാന്തും ഉയര്‍ന്ന റാങ്കുകാരനായ ലു ഗുവാങ് സുവിന് കാര്യമായ അവസരം നല്‍കാതെയാണ് ജയിച്ച് കയറിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം. ആദ്യ സെറ്റില്‍ എതിരാളിയെ 21-13 എന്ന സ്‌കോറിന് നിഷ്‌പ്രയാസം കീഴടക്കാന്‍ ശ്രീകാന്തിന് കഴിഞ്ഞു. രണ്ടാം സെറ്റില്‍ ചൈനീസ് താരം ചെറിയ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 21-19 എന്ന സ്കോറിന് സെറ്റുപിടിച്ച താരം മത്സരവും സ്വന്തമാക്കി.
ഇതേവരെയുള്ള നേര്‍ക്കുനേര്‍ പോരില്‍ ശ്രീകാന്തിനെ തോല്‍പ്പിക്കാന്‍ ലു ഗുവാങ് സുവിന് കഴിഞ്ഞിട്ടില്ല. ഇതടക്കം അഞ്ച് തവണ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോഴും വിജയം ശ്രീകാന്തിനൊപ്പമായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്നാണ് ശ്രീകാന്തിന്‍റെ എതിരാളി. ഓർലിയൻസ് മാസ്റ്റേഴ്‌സ് ചാമ്പ്യനായ പ്രിയാൻഷു രജാവത്തിന് ലോക മൂന്നാം നമ്പറായ തായ് താരം കുൻലാവുട്ടിനെതിരെയാണ് വാക്കോവര്‍ ലഭിച്ചത്.
ALSO READ: Indonesia Open| ഇന്തോനേഷ്യ ഓപ്പണ്‍; ജയത്തോടെ തുടങ്ങി സിന്ധുവും പ്രണോയിയും
അതേസമയം വനിത സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയുടെ ആകര്‍ഷി കശ്യപ് തോറ്റ് പുറത്തായി. രണ്ടാം സീഡായ സൗത്ത് കൊറിയയുടെ ആന്‍ സെ-യെങ്ങാണ് ആകര്‍ഷിയെ തോല്‍പ്പിച്ചത്. സീഡ് ചെയ്യപ്പെടാത്ത ആകർഷി കശ്യപിന് സൗത്ത് കൊറിയന്‍ താരത്തിന് മുന്നില്‍ കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഏകപക്ഷീമായ രണ്ട് സെറ്റുകള്‍ക്കാണ് ആന്‍ സെ-യെങ് രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സ്‌കോര്‍: 10-21, 4-21.