കൊൽക്കത്ത: കൊവിഡ് വ്യാപനത്തെത്തുടർന്ന് നിര്‍ത്തി വെച്ച ഐ- ലീഗ് പുനരാരംഭിക്കുമ്പോള്‍ കാണികളെ പ്രവേശിപ്പിച്ചേക്കും. ബയോ ബബിളിനുള്ളിൽ കൊവിഡ് പടര്‍ന്ന് പിടിച്ചതിനെത്തുടർന്ന് ജനുവരി മൂന്നിന് നിര്‍ത്തിവെച്ച ലീഗ് മാര്‍ച്ച് മൂന്നിനാണ് പുനരാരംഭിക്കുന്നത്.
ഇതോടെ മാർച്ച് രണ്ടാം വാരത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തതിന് ശേഷമാവും കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചു.
മത്സരം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായുള്ള ബയോബബിൾ ഫെബ്രുവരി 20 മുതൽ ആരംഭിച്ചിരുന്നു. ലീഗിന്‍റെ ആദ്യ ഘട്ടത്തിൽ കൊവിഡ് വ്യാപിച്ചതിനാൽ ബയോ ബബിൾ സംവിധാനത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇതോടെ കർശനമായ നിയന്ത്രണങ്ങളാണ് എ.ഐ.എഫ്.എഫ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
also read: ചെല്‍സിയുടെ നിയന്ത്രണം ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയതായി റഷ്യന്‍ ഉടമ റോമൻ അബ്രമോവിച്ച്
കൊൽക്കത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ട്, കല്യാണിയിലെ കല്യാണി സ്റ്റേഡിയം, നൈഹാത്തിയിലെ നൈഹാത്തി സ്റ്റേഡിയം എന്നീ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 13 ടീമുകളാണ് ഈ വർഷത്തെ ഐ-ലീഗിൽ ഏറ്റുമുട്ടുന്നത്. ലീഗിൽ ആറ് മത്സരങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.