ക്വാലാലംപൂർ: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ കടന്ന് മലയാളി താരം എച്ച് എസ് പ്രണോയ്. പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍റെ കാന്‍റ സുനേയമയെ തകര്‍ത്താണ് പ്രണോയ് സെമിയില്‍ എത്തിയത്. തീ പാറിയ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രണോയിയുടെ വിജയം.
സ്‌കോര്‍: 25-23, 22-20. ഒരു മണിക്കൂറാണ് മത്സരം നീണ്ടുനിന്നത്. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ച ഏക ഇന്ത്യന്‍ താരമാവാനും 29കാരനായ പ്രണോയ്‌ക്ക് കഴിഞ്ഞു. അതേസമയം ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി.വി സിന്ധു വനിതാവിഭാഗം സിംഗിള്‍സിന്‍റെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ചൈനീസ് തായ്‌പേയിയുടെ ലോക രണ്ടാം നമ്പർ തായ് സു യിങ്ങിനോടാണ് സിന്ധു കീഴടങ്ങിയത്.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ലോക ഏഴാം നമ്പറായ സിന്ധുവിനെതിരെ വലിയ ആധിപത്യമുള്ള താരം കൂടിയാണ് തായ് സു യിങ്. ഇതടക്കം 22 മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 17 മത്സരങ്ങളില്‍ തായ് സു യിങ് ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണ് സിന്ധുവിനൊപ്പം നിന്നത്.