ന്യൂഡല്‍ഹി : ഇന്ത്യക്കായി വ്യക്തിഗത കായിക ഇനങ്ങളിൽ പ്രഥമ ഒളിമ്പിക്‌സ് മെഡൽ നേടിയ ഖഷബ ജാദവിനെ ആദരിച്ച് ഗൂഗിള്‍. ഖഷബ ജാദവിന്‍റെ ജന്മദിനമായ ഇന്ന് (ജനുവരി 15) പ്രത്യേക ഡൂഡിലിലൂടെയാണ് ഗൂഗിള്‍ താരത്തെ ആദരിച്ചത്. മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യൻ ഗുസ്‌തിയിൽ ചരിത്രം സൃഷ്‌ടിച്ച ജാദവിന്‍റെ പ്രകടനത്തെ അംഗീകരിക്കുക കൂടിയായിരുന്നു ഗൂഗിള്‍.
മഹാരാഷ്‌ട്രയിലെ സതാരയിലെ ഗോലേശ്വറില്‍ ദാദാ സാഹേബ് ജാദവിന്‍റെയും പുത്‌ലിഭായിയുടെയും മകനായി 1926 ലായിരുന്നു ഖഷബ ജാദവിന്‍റെ ജനനം. ഗുസ്‌തി പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചുവീണ ജാദവ് മികച്ച ഗുസ്‌തി പഠനത്തിനും വിദ്യാഭ്യാസത്തിനുമായി ആ കായിക ഇനത്തിന്‍റെ കളിത്തൊട്ടിലായ കോലാപ്പൂരിലേക്ക് മാറി. തുടര്‍ന്ന് കഠിനാധ്വാനത്തിന്‍റെ നാളുകള്‍. പിന്നീട് 1952 ൽ ഹെൽസിങ്കി ഒളിമ്പിക്‌സിൽ ഫ്രീ സ്‌റ്റൈൽ ഗുസ്‌തി എന്ന വ്യക്തിഗത ഇനത്തിൽ വെങ്കല മെഡൽ നേടി ജാദവ് ഇന്ത്യയുടെ കരുത്ത് അടയാളപ്പെടുത്തി. അതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡൽ ജേതാവായും ജാദവ് മാറി.
പിറന്ന നാടിനുള്ള 'മെഡല്‍' : അന്നുകാലത്ത് ഒളിമ്പിക്‌സിലെത്തുക ഏറെ ചെലവേറിയ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ നാടിന്‍റെ പ്രിയപുത്രനായ ജാദവിനെ ഒളിമ്പിക്‌സിലെത്തിക്കാന്‍ ഗോലേശ്വർ ഗ്രാമവാസികൾ പൊതുവിഹിതം ശേഖരിച്ചു. അന്ന് കോലാപ്പൂരിലെ രാജാറാം കോളജിലാണ് ജാദവ് പഠനം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ കോളജിലെ പ്രധാനാധ്യാപകന്‍ ബാരിസ്‌റ്റർ ബാലാസാഹേബ് ഖർദേക്കര്‍ തന്‍റെ വീട് കോലാപ്പൂരിലെ മറാത്ത ബാങ്കിൽ പണയപ്പെടുത്തി 7000 രൂപ നല്‍കി.
കോലാപ്പൂർ മഹാരാജാവും ഖഷബാ ജാദവിനെ ഏറെ സഹായിച്ചു. ഒടുവില്‍ ഈ അധ്വാനങ്ങളെയെല്ലാം ഫലവത്താക്കി ഖഷബ ജാദവ് ഒളിമ്പിക്‌സില്‍ മെഡലും സ്വന്തമാക്കി. അദ്ദേഹത്തിന്‍റെ മെഡല്‍ നേട്ടത്തിന് ശേഷം 44 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സിൽ മറ്റൊരു വ്യക്തിഗത മെഡൽ നേടിയത് എന്നത് മറ്റൊരു ചരിത്രം.
അംഗീകാരം ലഭിക്കാതെ പോയ ജേതാവ് : എന്നാല്‍ ഖഷബിന്‍റെ ഒളിമ്പിക്‌സ് മെഡൽ രാജ്യവും സര്‍ക്കാറും മറന്നു. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി പത്മ പുരസ്‌കാരം നൽകി ആദരിക്കണമെന്നാണ് ഗുസ്‌തിയെ ഇഷ്‌ടപ്പെടുന്നവരുടെ ആവശ്യം. എന്നാൽ ഇതേവരെ കേന്ദ്രസർക്കാരിൽ നിന്ന് അനുകൂല പ്രതികരണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.