മ്യൂണിക്ക് : ഖത്തര്‍ ലോകകപ്പില്‍ കപ്പടിക്കാനായാല്‍ ജര്‍മന്‍ താരങ്ങള്‍ക്ക് ലഭിക്കുക വമ്പന്‍ ബോണസ്. ഫിഫ ലോകകപ്പ് ഉയര്‍ത്താനായാല്‍ ഒരോ കളിക്കാരനും 4,00000 യൂറോയാണ് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോണസായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപ മൂന്ന് കോടിയിലേറെ വരുമിത്.
ഞായറാഴ്‌ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കളിക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബോണസ് തുക സംബന്ധിച്ച തീരുമാനമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ബേൺ ന്യൂൻഡോർഫ് പറഞ്ഞു. ടീം പ്രതിനിധികളായി മാനുവൽ ന്യൂയർ, തോമസ് മുള്ളർ, ജോഷ്വ കിമ്മിച്ച്, ഇൽകെ ഗ്വെൻഡോഗൻ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ 3,50000 യൂറോയായിരുന്നു ബോണസായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മന്‍ ടീം പുറത്തായിരുന്നു. 2014ല്‍ ബ്രസീല്‍ നടന്ന ലോകകപ്പില്‍ കിരീടം ചൂടിയ ടീമംഗങ്ങള്‍ക്ക് 3,0000 യൂറോയായിരുന്നു അസോസിയേഷന്‍ നല്‍കിയത്.
also read: നേഷൻസ് ലീഗ്: ക്രൊയേഷ്യയും നെതർലൻഡും സെമിയില്‍; തോറ്റെങ്കിലും രക്ഷപ്പെട്ട് ഫ്രാന്‍സ്
പുതിയ പ്രഖ്യാപന പ്രകാരം ഗ്രൂപ്പ് ഘട്ടം കടക്കാനായാല്‍ ഓരോ കളിക്കാരനും 50,000 യൂറോ വീതമാണ് നല്‍കുക. അവസാന എട്ടില്‍ എത്തിയാല്‍ 100,000 യൂറോയും സെമി ഫൈനലിലെത്തിയാല്‍ 150,000 യൂറോയും വീതമാണ് നല്‍കുക. മൂന്നാം സ്ഥാനത്ത് എത്തിയാല്‍ 200,000 യൂറോ വീതവും ബോണസായി ലഭിക്കും. ഫൈനലില്‍ തോല്‍ക്കുകയാണെങ്കില്‍ 250,000 യൂറോയാണ് ബോണസ്.
ഈ വര്‍ഷം നവംബര്‍ 20നാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുക. സ്പെയിൻ, കോസ്റ്ററിക്ക, ജപ്പാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ജർമനി. നവംബർ 23ന് ജപ്പാനെതിരെയാണ് ഹാൻസി ഫ്ലിക്കിന്റെ സംഘം ആദ്യ മത്സരത്തിന് ഇറങ്ങുക.