നെയ്‌റോബി : മൂന്ന് തവണ എപിആർസി (ഏഷ്യ-പസഫിക് റാലി ചാമ്പ്യൻഷിപ്പ്) ചാമ്പ്യനായ ഗൗരവ് ഗില്‍ കെനിയ സഫാരി റാലിയിൽ നിന്ന് പിന്മാറി. കാറിന്‍റെ എഞ്ചിന്‍ തകരാറാണ് അർജുന അവാർഡ് ജേതാവായ ഗൗരവിന് തിരിച്ചടിയായത്. റേസിനിടെ ഉയര്‍ന്ന് പൊങ്ങിയ മണല്‍ കയറിയാണ് താരത്തിന്‍റെ സ്കോഡ ഫാബിയ ആര്‍-5 കാര്‍ തകരാറിലായത്.
ജെകെ ടയർ പിന്തുണയോടെ മത്സരിക്കുന്ന താരം ഡബ്ല്യുആര്‍സി-2 വിഭാഗത്തിലെ ഷേക്ക്ഡൗൺ സ്റ്റേജ് 1, സ്റ്റേജ് 3 എന്നിവയിൽ അതിശയകരമായ വേഗത കാണിച്ചിരുന്നു. അതേസമയം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഗ്ലോബൽ സ്റ്റേജിലേക്ക് മടങ്ങിയെത്തിയത്.
ഐതിഹാസിക റാലിയിൽ നിന്ന് പിന്മാറേണ്ടി വന്നതില്‍ അതിയായ വിഷമമുണ്ടെന്ന് ഗൗരവ് ഗില്‍ പറഞ്ഞു. 'എല്ലാ സംഭവങ്ങളിലെയും പോലെ, ഇതൊരു മികച്ച അനുഭവമായിരുന്നു, മുൻനിരക്കാരുമായി പൊരുത്തപ്പെടാനുള്ള വേഗത എനിക്കുണ്ടായിരുന്നു.' ഗില്‍ പറഞ്ഞു.
നാട്ടിലുള്ള അഭ്യുദയകാംക്ഷികൾക്ക് പുറമെ കെനിയയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് ലഭിച്ച സ്നേഹവും പിന്തുണയും വളരെ വലുതാണെന്നും ഗിൽ പറഞ്ഞു.